ടെസ്റ്റ് പരമ്പരയില്‍ ഋഷഭ് പന്തിനു പകരം വൃദ്ധിമാന്‍ സാഹ

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കുവേണ്ടി ഋഷഭ് പന്ത് കളിക്കളത്തിലേക്കില്ല. പന്തിനു പകരം വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറായെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിനു തന്നെ വളരെയധികം പ്രതീക്ഷ നല്‍കിയ താരമാണ് പന്ത്. മുന്‍ ഇന്ത്യന്‍ ടീം നായകന്‍ ധോണിയ്ക്കു ശേഷം ആ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടതും പന്തിന്റെ പേരായിരുന്നു. എന്നാല്‍ ലോകകപ്പിനുശേഷം ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സാഹയ്ക്ക് നറുക്ക് വീണിരിക്കുന്നത്.

2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന മത്സരത്തിലാണ് സാഹ അവസാനമായി ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്. ഇതുവരെ താരം 32 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. മൈസൂരുവില്‍ വച്ചു നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു സാഹ കാഴ്ചവച്ചത്.

വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ആര്‍. അശ്വിന്‍ കളിച്ചേക്കുമെന്ന സൂചനയും കൊഹ്ലി നല്‍കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍. ഒക്ടോബര്‍ രണ്ടു മുതലാണ് ആദ്യ ടെസ്റ്റ്. മൊത്തം മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Top