വീണ്ടും രക്ഷകനായി ഋഷഭ് പന്ത്; എഡ്ജ്ബാസ്റ്റണിൽ തിരിച്ചടിച്ച് ഇന്ത്യ

എഡ്ജബാസ്റ്റൺ: റെഡ് ബോൾ ക്രിക്കറ്റിൽ ഒരിക്കൽ കൂടി ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി ഋഷഭ് പന്ത്. 98-5 എന്ന നിലയിൽ തകർച്ച മുൻപിൽ കണ്ട ഇന്ത്യ ഒന്നാം ദിനം കളി അവസാനിപ്പിച്ചത് 338-7ന്. 222 റൺസ് കൂട്ടുകെട്ട് കണ്ടെത്തിയാണ് പന്തും ജഡേജയും ചേർന്ന് ഇംഗ്ലണ്ടിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തത്.

അൺഓർത്തഡോക്‌സ് ഷോട്ടുകളുമായി കാണികളെ ത്രില്ലടിപ്പിച്ച ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ 89 പന്തിലാണ് സെഞ്ചുറി തികച്ചത്. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണ് ഇത്. ടെസ്റ്റിലെ പന്തിന്റെ 5ാമത്തെ സെഞ്ചുറിയാണ് ഇത്.

അവസാന രണ്ട് സെഷനുകളിൽ റൺറേറ്റ് 5ൽ താഴാതെയാണ് ഇന്ത്യ കളിച്ചത്. അവസാന സെഷനിൽ 164 റൺസ് ആണ് ഇന്ത്യ കണ്ടെത്തിയത്. 111 പന്തിൽ നിന്ന് 19 ഫോറും നാല് സിക്‌സും പറത്തി പന്ത് 146 റൺസോടെയാണ് പന്ത് പുറത്തായത്. 163 പന്തിൽ നിന്ന് 83 റൺസോടെ ക്രീസിൽ നിന്ന് രവീന്ദ്ര ജഡേജ പന്തിന് പിന്തുണ നൽകി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ ആൻഡേഴ്‌സൻ മടക്കി. ഗിൽ 17 റൺസും പൂജാര 13 റൺസും എടുത്ത് മടങ്ങി. ഹനുമാ വിഹാരി 20 റൺസ് എടുത്ത് മടങ്ങിയപ്പോൾ ഒരിക്കൽ കൂടി കോഹ്‌ലിയും നിരാശപ്പെടുത്തി. 15 റൺസിന് ശ്രേയസും മടങ്ങിയതോടെ ഇന്ത്യ തകർച്ച മുൻപിൽ കണ്ടിരുന്നു.

Top