കുട്ടിയെ നോക്കാന്‍ വരുമോ എന്ന് രോഹിത്; കിടിലന്‍ മറുപടി നല്‍കി റിഷഭ് പന്ത്

മുംബൈ: ഓസിസ് ക്യാപ്റ്റന്‍ ടിം പെയ്‌ന് തുടങ്ങിവെച്ച ബേബി സിറ്റര്‍ പ്രയോഗം ഏറ്റെടുത്ത് റിഷഭ് പന്തിനെ ട്രോളുകയാണ് ഇപ്പോള്‍ കായികലോകം മുഴുവന്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം രോഹിത് ശര്‍മയും തന്റെ കുഞ്ഞിനെ നോക്കാന്‍ വരുമോ എന്ന് ചോദിച്ച് പന്തിനെ ട്രോളിയിരുന്നു.

ഇപ്പോളിതാ രോഹിതിന്റെ ട്രോളിന് മറുപടിയുമായി പന്ത് രംഗത്തെത്തയിരിക്കുകയാണ്. മറുപടിയില്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ചെറിയൊരു കൊട്ടു കൊടുക്കാനും പന്ത് മറന്നില്ല. ചേട്ടാ, ചാഹലന്‍ അവിടെയുണ്ടല്ലോ, അവന്‍ കൃത്യമായി പണി എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്തായാലും സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു പന്തിന്റെ മറുപടി.

മെല്‍ബണ്‍ ടെസ്റ്റില്‍ വെച്ചാണ് പന്തിനെ സ്ലെഡ്ജ് ചെയ്തുകൊണ്ട് ടീം പെയ്‌ന് ബേബി സിറ്റര്‍ എന്ന പ്രയോഗം നടത്തിയത്. ബാറ്റിംഗിനിടെയാണ് തന്റെ കുട്ടികളെ നോക്കാന്‍ റിഷഭ് പന്തിനെ ഓസ്‌ട്രേലിയന്‍ നായകന്‍ ക്ഷണിച്ചത്. പെയ്‌നും പന്തും തമ്മിലുള്ള വാക്ക്‌പോരിന്റെ തുടര്‍ച്ചയായിരുന്നു ഈ വെല്ലുവിളി. എന്നാല്‍ സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മുന്‍പ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോള്‍ പെയ്‌നിന്റെ കുട്ടികളെ ചുമലിലേറ്റി പന്ത് ഈ വെല്ലുവിളി ഏറ്റെടുത്തു.

Top