ഉപദേശം നിര്‍ത്തി സ്വന്തം കഴിവില്‍ മികവ് കാണിക്കൂ; പന്തിനോട് ആരാധകര്‍

rishabh pant

ന്ത്യന്‍ ക്രിക്കറ്റിന്റെ യുവ വാഗ്ദാനം എന്നാണ് അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം റിഷഭ് പന്തിനെ കായിക ലോകം വിശേഷിപ്പിച്ചത്. മത്സര മികവിലൂടെ അഡ്‌ലെയ്ഡില്‍ റെക്കോര്‍ഡ് നേട്ടവും പന്ത് സ്വന്തമാക്കിയിരുന്നു. അതിലേറെ ഓസീസ് താരങ്ങളെ പിന്നില്‍ നിന്ന് പ്രകോപിപ്പിച്ച് അവരുടെ ശ്രദ്ധ തിരിച്ച് ഇന്ത്യയ്ക്ക് നേട്ടം നല്‍കാന്‍ പന്ത് കാണിച്ച ബുദ്ധികളും കളിക്ക് ശേഷം ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഇതാ പെര്‍ത്തിലും പന്ത് ശ്രദ്ധേയനാവുകയാണ്. അത് പക്ഷേ കളിയുടെ മികവുകൊണ്ടല്ല വിമര്‍ശനങ്ങള്‍കൊണ്ടാണെന്ന് മാത്രം. കളിച്ച് കളിച്ച് പന്ത് സ്വന്തം ടീമിന്റെ നായകന്റെ സ്ഥാനത്തും കയറിക്കളിച്ചതാണ് ആരാധകര്‍ക്കത്ര ഇഷ്ടപ്പെടാതിരുന്നത്. പാര്‍ട് ടൈം സ്പിന്നറായി ഇന്ത്യ ഉപയോഗിച്ച ഹനുമാ വിഹാരിയോട് ഒരു ഘട്ടത്തില്‍ ലെങ്ത് മാറ്റി എറിയാന്‍ പറയാന്‍ പന്ത് കൊഹ്‌ലിയോട് നിര്‍ദേശിക്കുന്നതാണ് ക്രിക്കറ്റ് ലോകംത്തിന് ഇഷ്ടപ്പെടാതിരുന്നത്.

നിങ്ങളുടെ പ്ലാന്‍ അനുസരിച്ചാണ് വിഹാരി ബൗള്‍ ചെയ്യുന്നത്. അവനോട് പിച്ച് അപ്പ ചെയ്യിക്കാന്‍ പറയൂ എന്നാണ് കൊഹ്‌ലിയെ പോലും ഞെട്ടിച്ച് പന്ത് പറഞ്ഞത്. പന്ത് ഇങ്ങനെ നിര്‍ദേശിച്ചുവെങ്കിലും വിഹാരി ഇടംകയ്യന്‍ ബാറ്റ്‌സ്മാന്റെ ഓഫ് സ്റ്റമ്പിലേക്ക് തന്നെ എറിഞ്ഞ് ഷോണ്‍ മാര്‍ഷിനെ പന്തിന്റെ കൈകളിലേക്ക് എത്തിച്ചു. പക്ഷേ ആ ക്യാച്ച് എടുക്കാന്‍ പന്തിനായില്ല. നിസാരമായ ക്യാച്ച് പന്ത് അവിടെ നഷ്ടപ്പെടുത്തി. അതോടെ എല്ലാവര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം പന്ത് തന്റെ കളിയില്‍ തന്നെ ശ്രദ്ധിക്കണം എന്നാണ് യുവതാരത്തിന് ക്രിക്കറ്റ് ലോകം നല്‍കുന്ന ഉപദേശം.

Top