ഋഷഭ് പന്ത് ഒരു ആരോഗ്യകരമായ തലവേദനയെന്ന് സെലക്ഷന്‍ കമ്മറ്റി

മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞ താരമാണ് ഋഷഭ് പന്ത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പരമ്പരകളിലെ മികച്ച പ്രകടനമാണ് ഈ ഉറപ്പിന് ആധാരമാവുന്നത്. എന്നാല്‍ പന്തിന്റെ പ്രകടനം സെലക്ടര്‍മാര്‍ക്കു തലവേദനയായെന്നു തുറന്നുസമ്മതിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ.പ്രസാദ്. മുന്‍ നായകന്‍ ധോണിയെ മറികടന്ന് പന്തിനെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്തും എന്നതാണ് ഇപ്പോഴത്തെ വിഷയം.

ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളില്‍ ഒരു വര്‍ഷത്തിനിടെ പന്ത് അസാധാരണ മികവാണ് കൈവരിച്ചതെന്നും. ലോകകപ്പ് ടീമിലേക്കുള്ള പോരാട്ടത്തില്‍ തീര്‍ച്ചയായും പന്തുണ്ടെന്നും സെലക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അദ്ദേഹത്തിന് കുറച്ച് പക്വതയും അനുഭവ സമ്പത്തും ആവശ്യമായുണ്ട്. അതുകൊണ്ടാണ് കഴിയുമ്പോഴൊക്കെ അദ്ദേഹത്തെ ഇന്ത്യയുടെ എ ടീമില്‍ ഉള്‍പ്പെടുത്തുന്നത്‌.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന അജിന്‍ക്യ രഹാനെയെ ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കാന്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ കഴിഞ്ഞ 11 ഇന്നിംഗ്‌സുകളില്‍ നിന്നായി 74.6 റണ്‍സ് ശരാശരിയില്‍ 597 റണ്‍സ് രഹാനെ അടിച്ചുകൂട്ടിയിരുന്നു.

Top