ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിലെ മെസി – വാന്‍ ഗാൾ വിവാദത്തിൽ പ്രതികരിച്ച് റിക്വല്‍മി

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരം ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു. കളിയുടെ ഭൂരിഭാഗം സമയവും രണ്ട് ഗോളിന് മുന്നില്‍ നിന്നിട്ടും അവസാന നിമിഷം രണ്ട് ഗോള്‍ വഴങ്ങി അര്‍ജന്റീന സമനിലയിലേക്ക് വീഴുകയും ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ട് ജയിച്ച് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസ് കാര്‍ഡുകള്‍ വാരിക്കോരി നല്‍കിയപ്പോള്‍ ഇരു ടീമിലുമായി 15 കളിക്കാരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്.

അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയും പരിശീലകന്‍ ലിയോണല്‍ സ്കലോണിയും മഞ്ഞക്കാര്‍ഡ് കണ്ടു. ഷൂട്ടൗട്ടിനൊടുവില്‍ നെതര്‍ലന്‍ഡ്സ് താരം ഡംഫ്രൈസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെ ചുവപ്പു കാര്‍ഡ് വാങ്ങി. മത്സരത്തിന് മുന്നോടിയായി ഡച്ച് പരിശീലകന്‍ ലൂയി വാന്‍ ഗാള്‍ അര്‍ജന്റീന ടീമിനെതിരെയും നായകന്‍ ലിയോണല്‍ മെസിക്കെതിരെയും നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്ന. മത്സരം ഷൂട്ടൗട്ടില്‍ ജയിച്ചശേഷം വാന്‍ഗാളിന് അടുത്തെത്തിയ മെസി ഇനി എന്തെങ്കിലും പറയാനുണ്ടോ എന്നരീതിയില്‍ ഇരുചെവിയിലും പിടിച്ചുനില്‍ക്കുന്ന ദൃശ്യങ്ങളും ആരാധകര്‍ കണ്ടു.

ബാഴ്സലോണ പരിശീലകനായിരിക്കെ വാന്‍ ഗാള്‍ അത് തന്റെ മുന്‍ സഹതാരം യുവാന്‍ റോമാന്‍ റിക്വല്‍മിയെ പരുഷമായി പരിഗണിച്ചതിനുള്ള മറുപടിയായിരുന്നു മെസിയുടെ വിജയാഘോഷമെന്നും വ്യാഖ്യാനമുണ്ടായി. ഇരു ചെവിയും പിടിച്ച് മെസി അനുകരിച്ചത് റിക്വല്‍മിയുടെ ഗോളാഘോഷമാണെന്നും ആരാധകര്‍ കണ്ടെത്തി. ഗ്രൗണ്ടിലും പുറത്തും അപൂര്‍വമായി മാത്രം ദേഷ്യപ്പെടാറുള്ള മെസി മത്സരശേഷം മാധ്യമങ്ങളോട് സാസാരിക്കവെ തന്നെ നോക്കിയ ഹോളണ്ട് താരത്തെ ചീത്ത വിളിക്കുകയും ചെയ്തു.

എന്നാല്‍ അന്ന് മത്സരത്തിന് മുമ്പ് മെസിയെ അനാവശ്യമായി പ്രകോപിപ്പിക്കാതെ അദ്ദേഹത്തെ ഒന്ന് ആലിംഗനം ചെയ്യുകയോ ഉമ്മവെക്കുകയോ ചെയ്യുകയായിരുന്നു വാന്‍ ഗാള്‍ ചെയ്യേണ്ടിയിരുന്നതെന്ന് റിക്വല്‍മി പറഞ്ഞു. ഫുട്ബോളില്‍ ചില കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. മെസിയെ ദേഷ്യം പിടിപ്പിക്കുക എന്നത് അത്തരത്തിലൊന്നാണ്. കാരണം, ലോകത്തിലെ മികച്ച കളിക്കാരനെ പ്രകോപിപ്പിച്ചാല്‍ പിന്നെ അവനെ പിടിച്ചു നിര്‍ത്തുക എളുപ്പമല്ല. അത് അസാധ്യമാണ്.

പ്രകോപിപ്പിക്കുന്നതിന് പകരം അവനെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ വാന്‍ ഗാള്‍ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം അത്രയും പ്രകോപിതനാവില്ലായിരുന്നു. അര്‍ജന്റീന മികച്ച ടീമായിരുന്നു. അതിനൊപ്പം മത്സരത്തിന് മുമ്പ് മെസിയെ വാന്‍ ഗാല്‍ പ്രകോപിപ്പിക്കുക കൂടി ചെയ്തതോടെ അര്‍ജന്റീനക്ക് അധിക മുന്‍തൂക്കമായി. കാരണം, ദേഷ്യം വന്നാല്‍ മറ്റ് ചില കളക്കാരെ പോലെ അവനെ എളുപ്പം പുറത്താക്കാനാലില്ല-റിക്വല്‍മി ടിവൈസി സ്പോര്‍ട്‌സിനോട് പറഞ്ഞു.

Top