ബെല്‍ഫാസ്റ്റിലെ കലാപം; സമാധാന ആഹ്വാനവുമായി ബോറിസ് ജോണ്‍സന്‍

ബെല്‍ഫാസ്റ്റ്: ഒരാഴ്ചയിലേറേയായിട്ടും അയവില്ലാതെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കലാപം. തെരുവിലിറങ്ങിയ സംഘം ബസുകള്‍ക്ക് തീയിടുകയും പൊലീസിനെതിരൈ കല്ലേറ് നടത്തുകയും ചെയ്തു. അക്രമങ്ങളില്‍ ഇതുവരെ 55 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.

എല്ലാവരും സംയമനം പാലിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഐറിഷ് നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. അക്രമത്തെക്കുറിച്ചുള്ള അടിയന്തര ചര്‍ച്ചയ്ക്കായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്റ്റോണ്‍മോണ്ട് അസംബ്ലി ചേരും. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ആളുകള്‍ തെരുവിലിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്മാറിയത് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ ബാധിച്ചിരുന്നു. ഒരുപക്ഷം യുകെയുടെ ഭാഗമായി തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടുമ്പോള്‍ മറുപക്ഷം അയല്‍രാജ്യമായ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി ചേരണമെന്ന് വാദിക്കുന്നു.

റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് ഇപ്പോഴും യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്. യുകെയുടെ ഭാഗമായി തുടരണമെന്ന് വാദിക്കുന്ന ലോയലിസ്റ്റ് പക്ഷമാണ് ഇപ്പോഴത്തെ കലാപത്തിനു പിന്നില്‍. ഐറിഷ് കടലിലൂടെയുള്ള ചരക്കുനീക്കം സുഗമാമാക്കുന്നതിന് ബ്രക്‌സിറ്റ് കരാറില്‍ പ്രത്യേക നിര്‍ദേശമുണ്ട്.

ഇതുപ്രകാരം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ തുറമുഖങ്ങള്‍ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ ഇതു യുകെയില്‍ നിന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ വിഭജിക്കുമെന്നാണ് ലോയലിസ്റ്റുകളുടെ വാദം. ഇതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിഷേധം.

Top