ജയിലിലെ സംഘര്‍ഷം:ബ്രസീലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57ആയി, 16 പേരുടെ തലയറുത്തു

സാവോപോളോ: തടവുപുള്ളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബ്രസീലിലെ പരൊയില്‍ അല്‍തമിറ ജയിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57ആയി. കൊല്ലപ്പെട്ടവരില്‍ 16 പേരെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് ജയിലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ കമാന്‍ഡോ ക്ലാസിലെയും റെഡ് കമാന്‍ഡിലെയും അംഗങ്ങളാണ് ജയിലില്‍ ഏറ്റുമുട്ടിയത്. കമാന്‍ഡോ ക്ലാസ് സംഘത്തിലെ തടവുകാര്‍ എതിര്‍വിഭാഗത്തിലെ തടവുകാരെ പാര്‍പ്പിച്ചിരുന്ന സെല്ലുകള്‍ക്ക് തീയിട്ടു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ മിക്കവരും പൊള്ളലേറ്റാണ് മരിച്ചത്.മാഫിയ സംഘങ്ങളുടെ കുടിപ്പകയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

ജയിലിലെ രണ്ട് ജീവനക്കാരെ തടവുകാര്‍ ആദ്യം ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മോചിപ്പിച്ചു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.മയക്കുമരുന്ന് കടത്ത്, ആയുധകടത്ത്, ബാങ്ക് കൊള്ളയടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സജീവമായ മാഫിയകളാണ് ജയിലില്‍ ഏറ്റുമുട്ടിയ ഇരുസംഘങ്ങളും.

Top