മത്സരവിഭാഗത്തിൽ ശ്രദ്ധ നേടി ജപ്പാനീസ് ചിത്രം റിങ് വാണ്ടറിങ്

ന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മസാകാസു കാനെകോ സംവിധാനം ചെയ്ത ജപ്പാനീസ് ചിത്രം റിങ് വാണ്ടറിങ്. സോസുകെ എന്ന മന്‍ഗാ കലാകാരന്‍ ( പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് ഒരു ജപ്പാനില്‍ ഉരുത്തിരിഞ്ഞ ഒരു തനതായ ശൈലിയില്‍ സൃഷ്ടിക്കപ്പെടുന്ന ചിത്രകഥകളയാണ് മന്‍ഗാ എന്ന് പറയുന്നത്)  ഒരു നായയുടെ തലയോട്ടി കണ്ടെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ഡൗണ്‍ടൗണ്‍ ടോക്കിയോയിലാണ് സോസുകെ ജീവിക്കുന്നത്. പേരും പ്രശസ്തിയുമുള്ള മാന്‍ഗ കലാകാരനായി തീരണമെന്നതാണ് അദ്ദേഹത്തിന്റെ മോഹം. ഉപജീവനത്തിനായി അയാള്‍ മറ്റു പല ജോലികളും ഇതോടൊപ്പം ചെയ്യുന്നു.

ഒരു വേട്ടക്കാരനും ജാപ്പനീസ് ചെന്നായയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് സോസുകെ ഇപ്പോള്‍ രചിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ലോകത്തിലുള്ള ചെന്നായകളുടെ മുഖമല്ല സോസുകെ തന്റെ കഥയിലെ ചെന്നായയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നത്. വംശനാശം സംഭവിച്ച ചെന്നായയാണ് സോസുകെയുടെ മനസ്സില്‍. എന്നാല്‍ അതിന്റെ മുഖം എങ്ങിനെയായിരിക്കുമെന്ന് വിഭാവനം ചെയ്യാനോ വരയ്ക്കാനോ സോസുകെയ്ക്ക് സാധിക്കുന്നില്ല. അതയാളെ പ്രതിസന്ധിയിലാക്കുന്നു.

അങ്ങനെയിരിക്കെ ഒരു ശീതകാല ദിനത്തില്‍, ഒരു നിര്‍മ്മാണ സ്ഥലത്ത് അടിത്തറ കുഴിക്കുന്നതിനിടയില്‍ സോസുകെ ഒരു കരിഞ്ഞ മൃഗത്തിന്റെ തലയോട്ടി കണ്ടെത്തുന്നു. അധികൃതരുടെ അനുവാദം വാങ്ങാന്‍ നില്‍ക്കാതെ സോസുകെ അതെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഈ നായ ഏത് തരത്തിലുള്ളതാണെന്ന് മനസ്സിലാക്കാന്‍ സോസുകെയ്ക്ക്  സാധിക്കുന്നില്ല. അതിനായി ഇന്റര്‍നെറ്റില്‍ പരതിയപ്പോഴും നിരാശയായിരുന്നു ഫലം. തന്റെ കഥയിലെ നായയ്ക്ക് ഈ മുഖം നല്‍കാന്‍ സോസുകെ തീരുമാനിക്കുന്നു. അതേ സ്ഥലത്ത് നിന്ന് അതിന്റെ അസ്ഥി കഷ്ണങ്ങള്‍ കൂടി ലഭിച്ചാല്‍ കൂടുതല്‍ വരയ്ക്കുന്നതിന് കൂടുതല്‍ ഉപകാരപ്പെടുമെന്ന് ഇയാള്‍ ചിന്തിക്കുന്നു. അസ്ഥി കഷണങ്ങള്‍ കണ്ടെത്തുന്നതിനായി അവന്റെ താല്‍പ്പര്യം തലയ്ക്കുപിടിച്ചപ്പോള്‍ ആ രാത്രിയില്‍ തന്നെ നിര്‍മ്മാണ സ്ഥലത്തേക്ക് മടങ്ങിപ്പോകുന്നു. എന്നാല്‍ അസ്ഥികളൊന്നും തന്നെ അവിടെ നിന്ന് ലഭിക്കുന്നില്ല.

കടുത്ത നിരാശയില്‍ സോസുകെ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ മിഡോറി എന്ന ഒരു സ്ത്രീയുമായി കൂട്ടിയിടിക്കുകയും അവളെ അബദ്ധത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. ഒരാഴ്ചയായി കാണാതായിരിക്കുന്ന തന്റെ നായയെ തിരഞ്ഞാണ് മിഡോറി നടക്കുന്നത്. നായയെ തിരയാന്‍ സോസുകെയും ഒപ്പം കൂടുന്നു. ആ തിരച്ചിലില്‍ സോസുകെ കണ്ടെത്തുന്നത് മണ്ണിനടിയില്‍ കുഴിച്ചിട്ട മുന്‍ യുദ്ധത്തിന്റെ അവശേഷിപ്പുകളാണ്. പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

Top