ഞങ്ങളോട് മാപ്പപേക്ഷിക്കാന്‍ പറയുകയാണെങ്കില്‍ ലളിതാമ്മ നരകത്തിലേക്ക് പോകട്ടെ; റിമ

കൊച്ചി: വനിതാ സംഘടനയായി ഡബ്ല്യുസിസിയ്‌ക്കെതിരെ പരാമര്‍ശം ഉന്നയിച്ച് നടി കെപിഎസി ലളിതയ്ക്ക് മറുപടിയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. കെപിഎസി ലളിതയോട് സഹതാപം മാത്രമാണ്. അവര്‍ക്ക് അവിടെ തുടരുകയല്ലാതെ വേറെ വഴിയില്ല. തിരിച്ച് വരാന്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ അവരോട് നരകത്തിലേക്ക് പോകാന്‍ പറയാനേ കഴിയുകയുള്ളൂവെന്ന് റിമ പറഞ്ഞു.

കാലങ്ങള്‍ക്ക് മുന്നേ മുതിര്‍ന്ന നടനായ അടൂര്‍ ഭാസിയില്‍ നിന്നുണ്ടായ അതിക്രമങ്ങളെക്കുറിച്ച് തുറന്ന് എഴുതിയ വ്യക്തിയാണ് ലളിതാമ്മ. സിനിമാ മേഖലയില്‍ നിന്ന് നേരിടേണ്ടി വരുന്ന ലൈംഗീക അതിക്രമങ്ങള്‍ ചിലര്‍ മൂടി വയ്ക്കുന്നതിന്റെ കാരണം എന്താണെന്ന് കൃത്യമായി ലളിതാമ്മയ്ക്ക് അറിയാം.

ഡബ്ല്യുസിസിക്ക് എതിരെ ആക്രോശിച്ചവരെയൊന്നും അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ കണ്ടില്ലെന്നും റിമ ചൂണ്ടിക്കാണിക്കുന്നു. പീഡനക്കേസുമായി മൂന്നു മാസം അറസ്റ്റിലായ ഒരാളെ എന്തു കൊണ്ട് പുറത്താക്കിയില്ല എന്ന് അന്ന് ചോദിക്കാതിരുന്നതെന്താണെന്നും റിമ ചോദിക്കുന്നു.

അമ്മയില്‍ നിന്നും നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ല്യുസിസി ദുഖിതരും നിരാശരുമാണ്. ദിലീപിന്റെ രാജിക്കാര്യത്തില്‍ ഇനിയും വ്യക്തത വരാത്ത അമ്മ നേതൃത്വത്തിന് ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ലെന്നതാണ് വസ്തുത. നടിമാര്‍ പൊതു സ്വത്താണെന്നാണ് ചിലരുടെ ധാരണ, അവരോട് എന്തുവേണമെങ്കിലും ചോദിക്കാം എന്തും പറയാമെന്നാണ് അവര്‍ കരുതുന്നത്. അവരാണ് സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം ചൊരിയുന്നതെന്നും റിമ പറഞ്ഞു.

സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളും അറിയണം. ഞങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ ഓരോ മിനിറ്റിലും അസഭ്യവര്‍ഷങ്ങള്‍ നേരിടുകയാണ്. തുറന്നുപറയുകയല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് ഇല്ല. ഇപ്പോഴാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇതെന്നും റിമ പറയുന്നു. സുരക്ഷിതമായ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്ല്യുസിസിയുടെ ലക്ഷ്യം. പക്ഷെ ഒരുപാട് കഠിനാധ്വാനം ആവശ്യമാണ്. മറ്റു സിനിമ വ്യവസായങ്ങളില്‍ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു.

സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് ഭാരവാഹികളെ ചീത്തവിളിക്കുന്നത് ശരിയല്ലെന്നാണ് കെ.പി.എ.സി ലളിത പ്രതികരിച്ചത്. സംഘടനയില്‍ നിന്ന് പുറത്തു പോയ നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെയെന്നും അവര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഇപ്പോള്‍ നടപടിയെടുക്കേണ്ടെന്നത് അമ്മ ജനറല്‍ ബോഡി മീറ്റിംഗ് തീരുമാനമായിരുന്നു എന്ന് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം സിദ്ദിഖും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോഹന്‍ലാലിനെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.

ആരുടെയും ജോലി സാധ്യത കളയുന്ന സംഘടനയല്ല അമ്മ. ദിലീപ് രാജിക്കത്ത് നല്‍കിയത് ശരിതന്നെ. എന്നാല്‍ കുറ്റാരോപിതനാണെന്ന് തെളിഞ്ഞാല്‍ മാത്രം നടപടിയെടുത്താല്‍ മതിയെന്നായിരുന്നു ജനറല്‍ ബോഡി തീരുമാനം. എക്‌സിക്യൂട്ടീവിന് ഈ തീരുമാനത്തെ മറികടക്കാനാകില്ല. രാജി വച്ച് പോയ നടിമാരെ തിരിച്ചെടുക്കാന്‍ സാധിക്കില്ല. തിരികെ വരണമെങ്കില്‍ അവര്‍ അപേക്ഷിക്കണം. സംഘടനയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടി ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാറില്ലെന്നും സിദ്ദിഖ് ആരോപിച്ചു.

Top