ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തി റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

rima

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.

നടിയും വനിതാ താര സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ അംഗവുമാണ് റിമ കല്ലിങ്കല്‍ . തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം പേരുള്‍പെടെ റിമ പോസ്റ്റുചെയ്യുകയായിരുന്നു.

എന്നാല്‍ പ്രസ്താവനയുടെ താഴെ ആക്രമിക്കപ്പെട്ട നടിയുടെ പേരുണ്ടായിരുന്നത് ശ്രദ്ധിക്കാത്തതിനാലാണ് അബദ്ധം പറ്റിയതെന്ന് റിമ വിശദീകരിച്ചു.

അതേസമയം, അബദ്ധം മനസിലാക്കിയ ഉടനെ റിമ പോസ്റ്റില്‍ നിന്നും നടിയുടെ പേര് നീക്കം ചെയ്തു.

നേരത്തെ അജു വര്‍ഗീസ്, സലീം കുമാര്‍ തുടങ്ങിയവര്‍ നടിയുടെ പേര് വെളിപ്പെടുത്തിയത് വന്‍വിവാദമായിരുന്നു. ഇതില്‍ വിമണ്‍ ഇന്‍ കളക്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ റിമയ്‌ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരുപറ്റം ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Dears, This is the statement of my friend and colleague.

I hope all of us have the grace and maturity of this survivor in such tough times. The name calling, the trolls and the memes has gone beyond all human considerations.

Hope the truth prevails and justice is served.

സുഹൃത്തുക്കളേ …
ഒരു ചാനലിൽ വന്നിരുന്ന് സംസാരിക്കുവാനുള്ള മാനസികാവസ്ഥ ഇപ്പോൾ ഇല്ലാത്തതുകൊണ്ട് മാത്രമാണ് പിന്നെയും ഇങ്ങിനെ ഒരു കുറിപ്പെഴുതേണ്ടി വന്നത് . ഇക്കഴിഞ്ഞ ഫെബ്രുവരി 17 ന് വളരെ നിർഭാഗ്യകരമായ ഒരവസ്ഥയിലൂടെ എനിക്ക് കടന്നു പോകേണ്ടി വന്നു . അത് ഞാൻ സത്യസന്ധതയോടെ കേരള പോലീസിനെ അറിയിക്കുകയും , അതിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു . ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന ചില സംഭവങ്ങൾ നിങ്ങളോരോരുത്തരേയും പോലെ ഞെട്ടലോടെയാണ് ഞാനും കണ്ടത് . വ്യക്തി വൈരാഗ്യത്തിന്റെ പേരിലോ മറ്റൊന്നിന്റെയും പേരിലോ ഞാനൊരാളെയും പ്രതിയാക്കാൻ എവിടെയും ശ്രമിച്ചിട്ടില്ല . ഒരു പേര് പോലും എവിടെയും സൂചിപ്പിച്ചിട്ടില്ല . ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്. ഈ നടന്റെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ച ഒരു വ്യക്തിയാണ് ഞാൻ . ഞങ്ങൾ തമ്മിൽ പിന്നീട് ചില വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ആ സൗഹൃദം പിന്നീടില്ലാതാകുകയും ചെയ്തത് വാസ്തവം തന്നെ . ആ വ്യക്തിയുടെ അറസ്‌റ്റുമായുള്ള വിവരങ്ങൾ അന്വേഷിച്ചപ്പോഴും തെളിവുകളെല്ലാം ആ വ്യക്തിയ്ക്ക്‌ എതിരാണ് എന്നാണ് മാധ്യമങ്ങളിലൂടെയും അല്ലാതെയും അറിയാൻ കഴിഞ്ഞത് . തന്നെ കള്ളകേസിൽ കുടുക്കിയതാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നുണ്ടെങ്കിൽ അതെത്രയും പെട്ടെന്ന് പുറത്തു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു . ഈ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും , തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അതും എത്രയും പെട്ടെന്ന് തെളിയട്ടെ . നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് . ഈ സംഭവം നടന്നതിൽ പിന്നെ കേട്ടുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം ഞാനും ഈ നടനും തമ്മിൽ വസ്തു ഇടപാടുകൾ ഉണ്ടെന്നുള്ളതാണ് . അങ്ങിനെ ഒരു തരത്തിലുള്ള വസ്തു ഇടപാടുകളോ പണമിടപാടുകളോ ഞങ്ങൾ തമ്മിലില്ല . ഇത് ഞാൻ മുൻപ് പറയാതിരുന്നത് എന്താണെന്ന ചോദ്യമുണ്ടെങ്കിൽ അതിനുള്ള ഉത്തരം അതിൽ ഒരു സത്യാവസ്ഥയും ഇല്ലാത്തതു കൊണ്ട് ആ വാർത്ത സ്വയം ഇല്ലാതാകുമെന്ന് കരുതിയത് കൊണ്ടാണ് . ഇപ്പോഴും അത് പ്രചരിക്കുന്നതായി കാണുന്നത്‌ കൊണ്ടു പറയണമെന്ന് തോന്നി . ഇത് അന്വേഷണോദ്യോഗസ്ഥർക്ക് അന്വേഷിച്ചു തൃപ്തിപ്പെട്ടാൽ മതി . അന്വേഷണത്തിന് വേണ്ടി എല്ലാ രേഖകളും സമർപ്പിക്കാൻ തയ്യാറുമാണ് . ഫേസ്ബുക് , ട്വിറ്റെർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഞാനില്ലാത്തതു കൊണ്ട് എന്റെ പേരിൽ പ്രചരിക്കുന്ന ഓരോ വീഡിയോകളും അക്കൗണ്ടുകളും എന്റെ അറിവോടെയല്ല എന്ന് കൂടി ഞാൻ വ്യക്തമാക്കുന്നു . ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്നും ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു എന്ന് ഒരിക്കൽ കൂടി പറഞ്ഞു കൊണ്ട് നിർത്തുന്നു .

Top