ഓഹരി വില മൂന്നുശതമാനം ഉയര്‍ന്നു; റിലയന്‍സിന്റെ വിപണിമൂല്യം 10 ലക്ഷംകോടി കടന്നു

റിലയന്‍സിന്റെ ഓഹരി വില മൂന്നുശതമാനം ഉയര്‍ന്ന് 1,614 രൂപയിലെത്തിയതോടെ വിപണിമൂല്യം 10 ലക്ഷംകോടി കടന്നു.ഡിസംബറില്‍ രേഖപ്പെടുത്തിയ റെക്കോഡ് വിലയായ 1,617 രൂപയുടെ അടുത്തിത്തി നിലവിലെ ഓഹരിവില.

റൈറ്റ്‌സ് ഇഷ്യുവിന്റെ റെക്കോര്‍ഡ് തീയതിയായി മെയ് 14 ന് കമ്പനി നിശ്ചയിച്ചതിനെ തുടര്‍ന്നാണ് കുതിപ്പ്.

മാര്‍ച്ച് 23ന് കമ്പനിയുടെ ഓഹരിവില 85ശതമാനത്തോളമിടിഞ്ഞ് 875 രൂപ നിലവാരത്തിലെത്തിയിരുന്നു.

2021 മാര്‍ച്ച് 31ഓടെ കടരഹിത കമ്പനിയായി റിലയന്‍സിനെ മാറ്റാനുശ്രമത്തിന്റെ ഭാഗമായികൂടിയാണ് അവകാശഓഹരി റിലയന്‍സ് പുറത്തിറക്കുന്നത്. അവകാശ ഓഹരിയിലൂടെ 53,125 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

അടുത്തിടെ ഫേസ്ബുക്ക് 43,574 കോടിരൂപയും സില്‍വല്‍ ലേയ്ക്ക് 5,665.75 കോടി രൂപയും യുഎസ് ആസ്ഥാനമായുള്ള വിസ്റ്റ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് 11,357 കോടി രൂപയും ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിച്ചിരുന്നു.ഇതോടെ മൂന്ന് പ്രമുഖ ടെക് നിക്ഷേപകരില്‍ നിന്നായി ജിയോ പ്ലാറ്റ്‌ഫോം 60,596.37 കോടി രൂപയാണ് സമാഹരിച്ചത്.

അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ജിയോ പ്ലാറ്റ്ഫോമില്‍ നിക്ഷേപിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

8595 കോടി ഡോളര്‍ (6,5007,250 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ചര്‍ച്ചകളാണ് ജനറല്‍ അറ്റലാന്റിക് നടത്തുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല.

Top