മോദിക്കെതിരായ ചട്ടലംഘന പരാതി; വിവരങ്ങൾ നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി :വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റുനേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെ ഉയര്‍ന്ന പരാതികളില്‍ മോദിയുള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കമ്മീഷനിലെ ചില അംഗങ്ങളുടെ വിയോജനക്കുറിപ്പുകളുടെ പകര്‍പ്പുകളും നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിയോജനക്കുറിപ്പുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടാണ് വിവരാകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്.

ഇത്തരം പരാതികള്‍ ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് കൈകാര്യം ചെയ്തതെന്നും അതിനാല്‍ ഈ വിവരങ്ങള്‍ ലഭ്യമല്ലെന്നും അവ സമാഹരിക്കാന്‍ കഴിയില്ലെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടുള്ളത്. വിവരാവകാശ നിയമത്തിലെ 7 (9) വകുപ്പ് പ്രകാരമാണ് ഈ നടപടിയെന്നാണ് കമ്മീഷന്റെ വിശദീകരണം.

Top