right to alcoholic drink not a fundamental right kerala high court

High court

കൊച്ചി: മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശത്തില്‍ പെട്ടതല്ലെന്നു കേരള ഹൈക്കോടതി വിധി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വിഷയത്തില്‍ അപെക്‌സ് കോടതി വിധി അംഗീകരിക്കുന്നതായി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

എം.എസ് അനൂപ് എന്നയാളാണ് മദ്യനയം മദ്യപിക്കാനുള്ള മൗലികാവകാശം ഹനിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മദ്യപിക്കാനുള്ള സ്വാതന്ത്യം മൗലികാവകാശമല്ലെന്നും അതിനാല്‍ ഇത് നിഷേധിക്കപ്പെടുന്ന അവസ്ഥയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഘട്ടംഘട്ടമായി പോലും മദ്യം നിരോധിക്കുന്നതിന് സര്‍ക്കാരിനെ അധികാരം നല്‍കുന്ന പ്രൊവിഷന്‍ അബ്കാരി നിയമത്തില്‍ ഇല്ലെന്നു അനൂപ് വാദിച്ചു. എന്നാല്‍, അപെക്‌സ് കോടതി ഇതുസംബന്ധിച്ച നയം സ്ഥിരീകരിച്ചതാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സിംഗിള്‍ ബെഞ്ച് അനൂപിന്റെ പരാതി തള്ളിയിരുന്നു.

നേരത്തെ തനിക്കെതിരെയുണ്ടായ വിധിക്ക് മേല്‍ അപ്പിലുമായിട്ടായിരുന്നു അനൂപ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്.

മദ്യപിക്കുക എന്നത് വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണെന്ന് ഈ വിധിയില്‍ ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു പറയുന്നു. ആര്‍ട്ടിക്കിള്‍ 21ന് ഉദാരമായ പരിഗണന കോടതികള്‍ നല്‍കിയിട്ടുണ്ട്. ആര്‍ട്ടിക്കിളിനെ അനിയന്ത്രിതമായി ഉപയോഗിക്കുന്നത് നിയമം മൂലം നിയന്ത്രിക്കണമെന്നും കോടതി അഭിപ്രായപ്പെടുന്നു.

മദ്യപിക്കാനുള്ള അവകാശം സ്വകാര്യതയ്ക്കുള്ള അവകാശത്തിലെ ഒന്നു മാത്രമാണെന്നു കോടതി വിധിയില്‍ പറയുന്നുണ്ട്. അതിന് യുക്തിസഹമായ നിയന്ത്രണങ്ങള്‍ എപ്പോഴും ഉണ്ടാകണം. ഇന്നു ധാര്‍മികമായി നിന്ദ്യവും സാമൂഹികമായി സ്വീകാര്യമല്ലാത്തതൊന്നും നാളെ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ അനൂപ് തികച്ചും അപക്വമായിട്ടാണ് നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നതെന്നും ജസ്റ്റിസുമാര്‍ വിലയിരുത്തി.

Top