ആത്മഹത്യയെങ്കില്‍ കാരണമറിയണം, തെറ്റ് ചെയ്തില്ലെങ്കില്‍ മെഹ്നാസ് എന്തിന് ഒളിവില്‍ പോയെന്നും റിഫയുടെ ഉമ്മ

കോഴിക്കോട്: റിഫമെഹ്നുവിന്റേത് ആത്മഹത്യയാണെങ്കില്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് റിഫയുടെ മാതാവ് ഷെറീന. മകളെ ആരാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തണമെന്നും റിഫയുടെ ഉമ്മ പറഞ്ഞു. റിഫയുടേത് തൂങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് അവരുടെ പ്രതികരണം.

ഇപ്പോള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഫോറന്‍സിക് റിപ്പോര്‍ട്ട്കൂടി വരാനുണ്ട്. ഒരാള്‍ വെറുതെ ആത്മഹത്യ ചെയ്യില്ല. അതിലേക്ക് നയിച്ച കാരണങ്ങളറിയണം. ആത്മഹത്യാപ്രേരണ കുറ്റത്തിന് ഇതിനോടകം കേസ് കൊടുത്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ മെഹ്നാസ് എന്തിനാണ് ഒളിവില്‍ പോയതെന്നും ഷെറീന ചോദിച്ചു.

ദുബായില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍കൂടി വരാനുണ്ട്.

റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കാക്കൂര്‍ പോലീസ് കേസെടുത്തത്. മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.

Top