കെട്ടിവെച്ച കാശുപോലും കിട്ടിയില്ല; രാജ്യത്തെ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി വിഷമത്തില്‍

ന്യൂഡല്‍ഹി: പണക്കൊഴുപ്പ് കൊണ്ട് ഒന്നാമനായിട്ടും തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ വിഷമത്തിലിരിക്കുകയാണ് ബിഹാറിലെ രമേശ് കുമാര്‍ ശര്‍മ്മ എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി.

1107 കോടി രൂപയുടെ ആസ്തിയാണ് രമേശ് കുമാര്‍ ശര്‍മ്മയ്ക്കുള്ളത്. പാടലീപുത്രയില്‍ ബി.എസ്.പി, ബി.ജെ.പി., ആര്‍.ജെ.ഡി. സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് രമേശ് കുമാര്‍ ശര്‍മ്മ മത്സരത്തിനിറങ്ങിയത്. ആകെ 1558 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കെട്ടിവെച്ച കാശും പോയി.

അതേസമയം, ധനികരായ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ രണ്ടാമനായകോണ്‍ഗ്രസിന്റെ കോണ്ട വിശ്വേശര്‍ റെഡ്ഡി തെലങ്കാനയിലെ ചെവ്വല്ല മണ്ഡലത്തില്‍ പരാജയപ്പെട്ടു. അപ്പോളോ ഗ്രൂപ്പ് ചെയര്‍മാന്‍ സി പ്രതാപറെഡ്ഡിയുടെ മരുമകനായ അദ്ദേഹത്തിന്റെ ആസ്തി 895 കോടി രൂപയായിരുന്നു. 374 കോടി രൂപയുടെ ആസ്തിയുള്ള കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഇത്തവണ പരാജയമായിരുന്നു ഫലം.

എന്നാല്‍ ധനിക സ്ഥനാര്‍ത്ഥികളില്‍ മികച്ച വിജയം കൊയ്തവരുമുണ്ട് രാജ്യത്തെ ധനികരായ മറ്റുസ്ഥാനാര്‍ഥികളില്‍ ചിലര്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയം കുറിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നകുല്‍നാഥും കന്യാകുമാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വസന്തകുമാറും വന്‍ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്.

Top