ഹൊറര്‍ രംഗങ്ങളാല്‍ സമ്പന്നം; ഡിമോണ്ടി കോളനി 2 -ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത് അരുള്‍നിധി നായകനാവുന്ന ഡിമോണ്ടി കോളനി 2 -ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രിയാ ഭവാനി ശങ്കറാണ് നായിക. അരുണ്‍ പാണ്ഡ്യന്‍, മലയാളി താരം സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലുണ്ട്. ഹൊറര്‍ രംഗങ്ങള്‍ നിറഞ്ഞ ഒരു പ്രീതിയാണ് ട്രയ്‌ലര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

2015 ല്‍ പുറത്തിറങ്ങിയ ഡിമോണ്ടിയുടെ രണ്ടാം ഭാഗമാണ് ഡിമോണ്ടി കോളനി 2 അജയ് ജ്ഞാനമുത്തു തന്നെയായിരുന്നു ഈ ചിത്രവും ഒരുക്കിയത്. മദ്യപിച്ച ഏതാനും സുഹൃത്തുക്കള്‍ ഡിമോണ്ടി കോളനിയിലെ ഒരു ആള്‍പ്പാര്‍പ്പില്ലാത്ത ബംഗ്ലാവില്‍ പോകുന്നതും തുടര്‍ന്ന് അവിടെ അവര്‍ നേരിടുന്ന അവിശ്വസനീയമായ അനുഭവങ്ങളുമായിരുന്നു ആദ്യഭാഗത്തിലെ പ്രമേയം. എന്നാല്‍ അതിലേറെയാണ് രണ്ടാം ഭാഗത്തില്‍ സംവിധായകന്‍ കാത്തുവെച്ചിരിക്കുന്നത് എന്നതാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. വെങ്കടേഷ്, രാജവേല്‍ എന്നിവരാണ് സഹ എഴുത്തുകാര്‍. സാം സി.എസ് ആണ് സംഗീതസംവിധാനം. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. കുമരേഷ് ഡി എഡിറ്റിങ്ങും രവി പാണ്ടി പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. പിക്‌സെല്‍ ലൈറ്റ് സ്റ്റുഡിയോ ആണ് വി.എഫ്.എക്‌സ് കൈകാര്യം ചെയ്യുന്നത്. ബോബി ബാലചന്ദ്രന്‍, വിജയസുബ്രഹ്‌മണ്യന്‍, ആര്‍.സി രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top