പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് സൗജന്യ അരി നല്‍കും; വിതരണം ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യമായി 15 കിലോ വീതം അരി നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

പ്രളയബാധിത മേഖലകള്‍ ഏതെല്ലാമെന്ന് ദുരന്തനിവാരണ വകുപ്പ് ബുധനാഴ്ച പ്രഖ്യാപിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അരി വിതരണം. പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച സ്ഥലങ്ങളിലെ അന്ത്യോദയ അന്നയോജന (എ.എ.വൈ) കാര്‍ഡുടമകള്‍ക്ക് ഒഴികെ എല്ലാ കാര്‍ഡുടമകള്‍ക്കും 15 കിലോ സൗജന്യ റേഷന്‍ ലഭിക്കും.

കടലോരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും അരി നല്‍കും. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് നിലവിലെ 35 കിലോ അരി സൗജന്യമായി നല്‍കുന്നതിനാലാണ് പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത്. മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് ധാന്യം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഭക്ഷ്യവകുപ്പ് നിവേദനം നല്‍കി.

Top