കേരളത്തിന് ഓണമുണ്ണാന്‍ ആന്ധ്രയില്‍ നിന്നുള്ള അരിയുടെ ആദ്യഗഡു 23ന് എത്തും

കൊച്ചി: കേരളത്തിന് ഓണമുണ്ണാന്‍ ആന്ധ്രയില്‍നിന്ന് നേരിട്ടു വാങ്ങിയ അരിയുടെ ആദ്യഗഡു 23ന് എത്തും.

ആകെ 5000 ടണ്‍ ജയ അരി കേരളത്തിനു നല്‍കാമെന്ന് ആന്ധ്രയിലെ മില്ലുടമകളുമായി ധാരണയായി.

ആന്ധ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് മില്ലുടമകളില്‍നിന്നു സപ്ലൈകോ നേരിട്ട് അരി സംഭരിക്കുന്നത്. ആന്ധ്രയില്‍ നിന്ന് ജയ അരി എത്തുന്നതോടെ വിപണിയില്‍ ഇപ്പോഴുള്ള അരി ദൗര്‍ലഭ്യം പരിഹരിക്കപ്പെടുമെന്നും അരി വില കുറയുമെന്നുമാണു പ്രതീക്ഷ.

ഈ മാസം 27നകം അയ്യായിരം ടണ്‍ അരിയും കേരളത്തിലെത്തും. കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആന്ധ്ര ഉപമുഖ്യമന്ത്രി കെ.ഇ. കൃഷ്ണമൂര്‍ത്തിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു കേരളത്തിന് മില്ലുടമകളില്‍നിന്നു നേരിട്ട് അരി നല്‍കാമെന്ന ധാരണയായത്. തുടര്‍ന്ന് മന്ത്രി പി. തിലോത്തമനും ഉദ്യോഗസ്ഥ സംഘവും ആന്ധ്രയിലെത്തി മന്ത്രിമാരുമായും മില്ലുടമാ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു.

ആന്ധ്രയില്‍നിന്നു കേരളത്തിലേക്ക് നേരിട്ട് അരി എത്തിക്കാനുള്ള ധാരണ ഓണത്തിനു ശേഷവും തുടരുമെന്നു സപ്ലൈകോ എംഡി മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഇതിനായി ആന്ധ്രയിലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനുമായി ധാരണാ പത്രം ഒപ്പുവയ്ക്കും.

Top