സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനം റിയാന്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

യ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിന്നും പ്രകടനങ്ങളുടെ മികവില്‍ അസം ക്യാപ്റ്റന്‍ റിയാന്‍ പരാഗിനെ ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനു ശേഷം ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി-20 പരമ്പരയില്‍ പരാഗിനെ പരിഗണിച്ചേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബര്‍ 23നാണ് ആരംഭിക്കുക.

ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തെ തോല്പിച്ച അസം ക്വാര്‍ട്ടറിലും കേരളത്തെ മറികടനു. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം തോറ്റ ഒരേയൊരു കളി അസമിനെതിരെ ആയിരുന്നു. സെമിയില്‍ ബറോഡയ്‌ക്കെതിരെ അസം കീഴടങ്ങുകയായിരുന്നു.ലോകകപ്പ് അവസാനിക്കുന്നയുടന്‍ നടക്കുന്ന പരമ്പര ആയതിനാല്‍ ബി ടീമിനെയാവും ഇന്ത്യ അണിനിരത്തുക. ഒക്ടോബറില്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ടീമിലെ അംഗങ്ങളാവും ടീമില്‍ കൂടുതലുണ്ടാവുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 5.84 ശരാശരിയില്‍ 11 വിക്കറ്റ് നേടിയ മുതിര്‍ന്ന താരം ഭുവനേശ്വര്‍ കുമാറും ടീമില്‍ ഉള്‍പ്പെട്ടേക്കും.

യ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും അസാമാന്യ ഫോമിലായിരുന്നു പരാഗ്. തുടരെ ഏഴ് മത്സരങ്ങളില്‍ ഫിഫ്റ്റിയടിച്ച് റെക്കോര്‍ഡിട്ട പരാഗ് ടീമിനെ സെമിഫൈനല്‍ വരെ എത്തിക്കുകയും ചെയ്തു. 10 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ് നേടിയ പരാഗ് തന്നെയാണ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയത്. 85 ശരാശരിയും 182 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. 7.29 എക്കോണമിയില്‍ 11 വിക്കറ്റും താരം നേടി.

 

Top