രാജ്യം വിട്ട് ശ്രീലങ്കന്‍ പ്രസിഡന്റ്; ഭാര്യക്കൊപ്പം ഗോതബായ മാലിദ്വീപില്‍

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾക്കിടെ രാജ്യം വിട്ട് ശ്രീലങ്കൻ പ്രസിഡൻറ് ഗോതബായ രജപക്സെ. ഗോതബായ മാലിദ്വീപിലെത്തിയതായാണ് റിപ്പോർട്ടുകൾ. സൈനിക വിമാനത്തിൽ ഭാര്യ ലോമ രാജപക്സെയുമൊന്നിച്ചാണ് ഗോതബായ മാലിദ്വീപിലെത്തിയത്.

ഗോതബായയും കുടുംബവും കഴിഞ്ഞ ദിവസം രണ്ട് വട്ടം രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തടഞ്ഞു. ഇതോടെയാണ് സൈനികവിമാനത്തിൽ രാജ്യം വിട്ടത്. മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ ആദ്യം അനുമതി നൽകിയില്ലെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മാലിദ്വീപ് പാർലമെൻറിൻറെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡൻറ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്.

സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രാജപക്സെ മുന്നോട്ട് വച്ചിരുന്നത്. വാണിജ്യ വിമാനത്തിൽ ദുബായിലേക്ക് പോകാനാണ് ഗോതബായ ആദ്യം ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിലെ ജീവനക്കാരും സഹകരിച്ചില്ല.

ഗോതബായ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡൻറ് ആരാകുമെന്നതാണ് ചോദ്യം. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി. ജൂലൈ 20ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Top