റിവോള്‍ട്ട് ഇ-ബൈക്ക്; ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു

ന്ത്യയിലെ പുതിയ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് ആദ്യ മോഡലിന്റെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ടു. പുതിയ മോഡല്‍ ഈ വര്‍ഷം ജൂണിലായിരിക്കും പുറത്തിറങ്ങുക.കമ്പനിയുടെ മനേശ്വര്‍ പ്ലാറ്റിലാണ് റിവോള്‍ട്ട് ബൈക്കുകളുടെ നിര്‍മാണം നടക്കുന്നത്. ഈ പ്ലാന്റിന് പ്രതിവര്‍ഷം 1.20 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഡിസൈന്‍ സ്‌കെച്ച് പ്രകാരം ചെറിയ ഫെയറിങ്, സ്റ്റെപ്പ്ഡ് സീറ്റ്, ഉയര്‍ന്ന ഫ്യുവല്‍ ടാങ്ക്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക്, മള്‍ട്ടി സ്പോക്ക് അലോയി വീല്‍ എന്നിവയോടെയായിരിക്കും റിവോള്‍ട്ട് ഇ-ബൈക്ക് എത്തുക. മുന്നില്‍ അപ്സൈഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമായിരിക്കും സസ്പെന്‍ഷന്‍. ഇലക്ട്രിക് മോട്ടോറിന്റെ സ്ഥാനം പെട്രോള്‍ ബൈക്കുകളിലെ എന്‍ജിന്റെ അതേ സ്ഥാനത്തായിരിക്കും. 4 ജി സിം വഴി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലൂടെ കണക്റ്റിവിറ്റി സംവിധാനങ്ങളും വാഹനത്തില്‍ ഉണ്ടാകും.

ആവശ്യാനുസരണം എടുത്തമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാകും റിവോള്‍ട്ട് ഇ-ബൈക്കില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. 150 കിലോമീറ്ററിലേറെ ദൂരം ഒറ്റചാര്‍ജില്‍ റിവോള്‍ട്ട് ഇ-ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററായിരിക്കും. ആദ്യം ഡല്‍ഹിയില്‍ മാത്രമാണ് റിവോള്‍ട്ട് ഇ-ബൈക്കുകള്‍ ലഭ്യമാവുക. പിന്നീട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലഭ്യമാകും.

Top