അമ്മയുടേയും മകളുടേയും ആത്മഹത്യ : റവന്യൂമന്ത്രി ബാങ്കിനോട് വിശദീകരണം തേടി

chandrasekharan

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭയന്ന് അമ്മയും മകളും സ്വയം തീ കൊളുത്തി മരിച്ച സംഭവത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ബാങ്കിനോട് വിശദീകരണം തേടി. ഫോണ്‍ വിളിച്ച് മന്ത്രി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് ഇത്തരത്തില്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് മന്ത്രി ബാങ്കിനോട് ചോദിച്ചു.

കനറാ ബാങ്കിനെതിരെ കലക്ടര്‍ കെ വാസുകിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കനറാ ബാങ്കിന്റെ ജപ്തി നടപടികളാണ് മാരായമുട്ടത്ത് 19കാരിയായ വൈഷ്ണവിയുടെയും പിന്നാലെ അമ്മയുടേയും മരണത്തിലേക്ക് നയിച്ചതെന്ന് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ മകള്‍ വൈഷ്ണവി (19) യും പിന്നീട് അമ്മ ലേഖ (40) യും മരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടയ്ക്കാത്ത കാരണം വീടും വസ്തുവകകങ്ങളും ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നല്‍കിയ മനപ്രയാസത്തിലാണ് ഇവര്‍ ഈ കടുംകൈ ചെയ്തത് എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

Top