കൂടത്തായി: വ്യാജവില്‍പ്പത്രത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിട്ട് റവന്യുമന്ത്രി

കോഴിക്കോട്: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി വ്യാജമായി സംഘടിപ്പിച്ച വില്‍പ്പത്രത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദ്ദേശം നല്‍കി. വീഴ്ച കണ്ടെത്തിയാലുടന്‍ നടപടി എടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജോളിക്കുവേണ്ടി, ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീ വ്യാജവില്‍പ്പത്രമുണ്ടാക്കാന്‍ സഹായിച്ചു എന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ജയശ്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് റവന്യു വകുപ്പില്‍ എന്തെങ്കിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് റവന്യു മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുറ്റം ചെയ്‌തെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

വ്യാജ വില്‍പ്പത്രം തയ്യാറാക്കിയതില്‍ താമരശ്ശേരി പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും റവന്യുവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, വിഷയം ഗൗരവതരമാണെന്ന വിലയിരുത്തലുണ്ടാവുകയും റവന്യുമന്ത്രി തന്നെ നേരിട്ട് ഇടപെടല്‍ നടത്തുകയും ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു ഇപ്പോള്‍ തിരുവനന്തപുരത്താണുള്ളത്. അദ്ദേഹം റവന്യുമന്ത്രിയെ നേരില്‍ക്കണ്ട് ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.

പൊന്നാമറ്റത്തെ ഗൃഹനാഥന്‍ ടോം തോമസിന്റെ സ്വത്ത് മുഴുവന്‍ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് അന്വേഷിക്കാനാണ് റവന്യു മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കൂടത്തായി വില്ലേജ് ഓഫീസില്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ കാണാനില്ല. റിപ്പോര്‍ട്ട് മുക്കിയതില്‍ അന്ന് ഡെപ്യൂട്ടി തഹസീല്‍ദാരായിരുന്ന ജയശ്രീക്ക് പങ്കുണ്ടോ എന്ന് അന്വേഷണം നടക്കുന്നുമുണ്ട്.

അതേസമയം ജോളി പൊന്നാമറ്റം കുടുംബവുമായി ബന്ധമുള്ള മറ്റൊരു കുടുംബത്തിലെ ആള്‍ക്കാരെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊന്നാമറ്റം കുടുംബത്തിലെ അടുത്ത ബന്ധുക്കളില്‍ ഒരാളും ഭാര്യയും മകനും അടക്കമുള്ളവര്‍ പൊലീസില്‍ പരാതി നല്‍കി.ഈ കുടുംബത്തിലുള്ളവര്‍ കൊല്ലപ്പെട്ടാല്‍ സ്വത്ത് ജോളിക്കല്ല ലഭിക്കുക അതുകൊണ്ട് തന്നെ ഇതൊരു ക്വട്ടേഷനാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.

Top