കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ സര്‍വ്വേക്കായി നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേന്ദ്ര റെയില്‍ ബോര്‍ഡിന്റെ അനുമതിക്ക് ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുളളു. കെ റെയില്‍ സര്‍ക്കാരിന് നല്‍കിയ 20 കോടിയില്‍ 8.52 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. സാമൂഹികാഘാത പഠനത്തിനു വേണ്ടിയാണ് ഈ പണം ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കെ റെയിലിന് കേന്ദ്ര അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് നടപടികളെടുത്തതെന്ന് മന്ത്രി പറഞ്ഞു. തത്വത്തില്‍ കേന്ദ്രത്തിന്റെ അംഗീകാരമുണ്ടായിരുന്നു. ഇത് അനുസരിച്ചാണ് സമൂഹികാഘാത പഠനവും സര്‍വ്വേയും നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഞ്ഞക്കുറ്റി സ്ഥാപിച്ചത് വെറും മാര്‍ക്കിങിന് വേണ്ടി മാത്രമായിരുന്നു. ഭൂമി ഏറ്റെടുക്കലല്ല അതുകൊണ്ട് ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സര്‍വ്വേ നമ്പര്‍ പ്രസിദ്ധീകരിച്ചതിന്റെ അര്‍ത്ഥം ഭൂമി അറ്റാച്ച് ചെയ്തു എന്നല്ലെന്നും മന്ത്രി അറിയിച്ചു.

ഭൂമി വില്‍പ്പനയ്‌ക്കോ, വായ്പയെടുക്കുന്നതിനോ തടസമില്ല. ക്രയവിക്രയത്തിനും തടസമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കരമടക്കലിന് അടക്കം തടസം വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചോദ്യത്തരവേളയില്‍ മന്ത്രി മറുപടി നല്‍കി.

റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സര്‍വ്വേ നമ്പറുകള്‍ കാണിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് പ്രതിപക്ഷം ഉന്നയിച്ചു. ഉടമകള്‍ക്ക് അവരുടെ ഭൂമിയുടെ ക്രയവിക്രയം നടത്താനോ വായ്പ എടുക്കാനോ സാധിക്കുന്നില്ല. ഈ സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Top