റവന്യൂമന്ത്രി ഇടപെട്ടു; തെരുവില്‍ അന്തിയുറങ്ങിയ അച്ഛനും മക്കള്‍ക്കും ആശ്വാസം

കൊച്ചി: റവന്യൂ മന്ത്രി ഇടപെട്ടതോടെ വാടകവീട്ടില്‍ നിന്നും ഇറക്കി വിട്ടതിനെ തുടര്‍ന്ന് തെരുവിലായ അച്ഛനും രണ്ടു മക്കള്‍ക്കും ആശ്വാസം. കുട്ടികളെ പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ഇവര്‍ക്ക് വീട് വയ്ക്കാനും കുട്ടികളുടെ പഠനത്തിനുമായി നിരവധി പേര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് ഭീതിയില്‍ വാടകവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കൊല്ലം സ്വദേശിയായ രാജയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും ദിവസങ്ങളായി സ്‌കൂള്‍ വരാന്തയിലും കടത്തിണ്ണയിലുമാണ് കഴിഞ്ഞിരുന്നത്. പൂട്ടിക്കിടക്കുന്ന ഫോര്‍ട്ട് സ്‌കൂളിന്റെ വരാന്തയായിരുന്നു പത്താം ക്ലാസുകാരന്റെയും എട്ടാം ക്ലാസുകാരന്റയും വീട്.

ഇരുവരും പഠിച്ചിരുന്ന മാവേലിക്കരയിലെ സ്‌കൂളും ഹോസ്റ്റലും പൂട്ടിയോതടെ, സ്വന്തമായി വീടില്ലാത്തതിനാല്‍ അന്നുമുതല്‍ അച്ഛനൊപ്പം പലയിടങ്ങളിലായി പരക്കം പായുകയാണ് ഈ കുട്ടികള്‍. കൊല്ലത്ത് നിന്ന് ഒരു മാസം മുമ്പ് ജോലി തേടി അച്ഛന്‍ രാജ തിരുവനന്തപുരത്തെത്തിയപ്പോള്‍ മക്കളും ഒപ്പം കൂടൂകയായിരുന്നു. വീടൊന്നും കിട്ടാതെ ഏറെ നാള്‍ അലഞ്ഞു. ഒടുവില്‍ ഒരു ഒറ്റമുറി വീട്ടില്‍ വാടകയ്ക്ക് 10 ദിവസം താമസിച്ചു. മക്കള്‍ക്ക് പനി വന്ന് രണ്ട് ദിവസം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീട് വിടണമെന്ന് വീട്ടുടമ പറഞ്ഞത്.

Top