പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍

chandrasekharan

തിരുവനന്തപുരം: റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനോട് പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.

അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുമ്പോള്‍ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന പി.എച്ച്. കുര്യന്റെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

അത്തരത്തിലൊരു തീരുമാനമില്ല. യോഗത്തില്‍ പി.എച്ച്. കുര്യന്‍ പറഞ്ഞ ഒരു അഭിപ്രായം മാത്രമാണത്. അത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ അവകാശമില്ലന്നും അദ്ദേഹം പറഞ്ഞു.

മുന്‍വിധികളോടെയല്ല സര്‍ക്കാര്‍ ഇതിനെ സമീപിക്കുന്നത്. 3200 ഹെക്ടര്‍ എന്നതു മുന്‍പ് അളന്നു തിരിച്ചു വിജ്ഞാപനം നടത്തിയിട്ടുള്ളതല്ല. യഥാര്‍ഥ വിസ്തൃതി കണ്ടെത്താനാണു ശ്രമം. അതിര്‍ത്തി നിര്‍ണ്ണയിക്കുമ്പോള്‍ യഥാര്‍ഥ അവകാശികളെ കുടിയൊഴിപ്പിക്കില്ല. കയ്യേറിയവരുണ്ടോ എന്നറിയാനാണു പുനര്‍നിര്‍ണ്ണയം നടത്തുന്നത്. ഇതിനു പിന്നില്‍ ഹിഡന്‍ അജന്‍ഡയില്ല.

റവന്യൂമന്ത്രിക്കൊപ്പം, മന്ത്രിമാരായ എം.എം.മണി, കെ.രാജു എന്നിവരടങ്ങുന്ന സമിതി ഉദ്യാനം ഉള്‍പ്പെട്ട മേഖലയിലെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Top