തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം

ശബരിമല: തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം. ശര്‍ക്കര വിവാദം അപ്പം അരവണ വില്‍പ്പനയെ ബാധിച്ചില്ല. നാളികേരം ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ദിവസവും തൂക്കി വില്‍ക്കുകയാണ്.

കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. സാധാരണ തീര്‍ത്ഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയില്‍ ദേവസ്വം ബോര്‍ഡിന് നേരിയ ആശ്വാസം. ആദ്യ ഏഴ് ദിവസത്തില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ദര്‍ശനം നടത്തിയത്.

കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വര്‍ധന. ഒന്നേകാല്‍ ലക്ഷം ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയ്യ്‌ത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കുന്നത്

മുന്‍ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവില്‍ 2019 ല്‍ കേരഫെഡാണ് നാളികേരം കരാര്‍ എടുത്തിരുന്നത്. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. ആരും കരാര്‍ ഏറ്റെടുത്തില്ലെങ്കില്‍ കേരഫെഡിന് തന്നെ സംഭരണം ചുമതല നല്‍കും

Top