Revenue Department partnership with Tourism Mafia-water scarcity in tribals

മലപ്പുറം: കക്കാടംപൊയിലിനടുത്ത് വെറ്റിലപ്പാറ ചീങ്കണ്ണിപ്പാലിയില്‍ മലയിടിച്ച് കാട്ടരുവിയില്‍ തടയണകെട്ടി നിര്‍മ്മിച്ച കൃത്രിമതടാകം തുറന്നുവിടാതെ ടൂറിസം മാഫിയയും റവന്യൂ വകുപ്പും ഒത്തുകളിക്കുന്നു.

കടുത്ത വേനലില്‍ ആദിവാസികളടക്കമുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും നടപടിയെടുക്കാതെ വനംവകുപ്പ് അധികൃതരും മൗനം പാലിക്കുകയാണ്. നിയമവിരുദ്ധമാണെന്നു കണ്ടെത്തി കളക്ടര്‍ രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മാണം തടഞ്ഞെങ്കിലും തടയണകെട്ടി തടഞ്ഞുനിര്‍ത്തിയ വെള്ളം തുറന്നുവിടാന്‍ ഇതുവരെയും റവന്യൂ വകുപ്പ് നടപടിയെടുക്കാത്തതാണ് വിവാദമാകുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തില്‍ പശ്ചിമഘട്ട മലനിരയില്‍ ഉള്‍പ്പെട്ട കക്കാടംപൊയിലിനു സമീപം ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി മലയിടിച്ച് തടാകം നിര്‍മ്മിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ രണ്ടു വര്‍ഷം മുമ്പാണ് അന്നത്തെ കളക്ടര്‍ ഭാസ്‌ക്കരന്‍ ഉത്തരവിട്ടത്.

മുന്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാല്‍ ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമം കാറ്റില്‍പ്പറത്തി കഴിഞ്ഞ സെപ്തംബറില്‍ ഇവിടെ സ്വകാര്യ ടൂറിസം ലോബി ബോട്ടിങ് സര്‍വീസ് ആരംഭിച്ചു.

കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെയും റിസോര്‍ട്ടിന്റെയും ഭാഗമായിരുന്നു ബോട്ടിങ്ങ്. നിര്‍മ്മാണം നിര്‍ത്താന്‍ കളക്ടര്‍ ഉത്തരവിട്ട കൃത്രിമതടാകത്തില്‍ ബോട്ടിങ് ആരംഭിച്ചത് വിവാദമായതോടെ അന്നത്തെ കളക്ടര്‍ ഷൈനാമോള്‍ നോര്‍ത്ത് ഡി.എഫ്.ഒയുടെയും വെറ്റിലപ്പാറ വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ട് തേടി. എസ്.സിഎസ്.ടി കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. ഇതോടെ ടൂറിസം ലോബി തടാകത്തില്‍ നിന്നും ബോട്ടുകള്‍ മാറ്റുകയായിരുന്നു.

എന്നാല്‍ തടയണ പൊളിച്ചുമാറ്റി തടഞ്ഞുനിര്‍ത്തിയ വെള്ളം തുറന്നുവിടാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല ചീങ്കണ്ണിപ്പാലി ആദിവാസി കോളനിക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന നീര്‍ച്ചാലാണ് തടയണകെട്ടി തടഞ്ഞിരിക്കുന്നത്.

വനവും സ്വകാര്യ കൈവശ സ്ഥലവും ഉള്‍പ്പെടുന്ന നീര്‍മറി പ്രദേശത്തുനിന്നും ഉല്‍ഭവിച്ച നീര്‍ച്ചാല്‍ ചെറിയ തോടായി നിക്ഷിപ്തവനത്തിലൂടെ ഒഴുകി തേനരുവി പുഴയിലെത്തി പിന്നീട് ചാലിയാറില്‍ ചേരുന്നതാണ്. ഇതാണ് ചീങ്കണ്ണിപ്പാലിയില്‍ തടയണ കെട്ടി തടഞ്ഞിരിക്കുന്നത്.

പാരിസ്ഥിതിക ലോല പ്രദേശത്ത് വ്യാപകമായി മലയിടിച്ചാണ് തടാകം നിര്‍മ്മിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഒരു അനുമതിയും വാങ്ങാതെ നിയമവിരുദ്ധമായാണ് മണ്ണിടിച്ചത്. വ്യാപകമായി മലയിടിച്ച് മണ്ണ് നീക്കിയത് വലിയ ആഘാതങ്ങള്‍ക്ക് കാരണമാകുമെന്നും ഭാവിയില്‍ മലിയിടിച്ചിലിനും താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരുടെ സ്വത്തിനും ജീവനും ഭീഷണിയാകുമെന്നും ഡി.എഫ്.ഒയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞെങ്കിലും പൂര്‍വ്വസ്ഥിതി പുനഃസ്ഥാപിക്കാന്‍ രണ്ടു വര്‍ഷമായിട്ടും നടപടിയുണ്ടായില്ല. മൂന്നുഭാഗവും നിക്ഷിപ്ത വനത്താല്‍ ചുറ്റപ്പെട്ട പരിസ്ഥിതി ലോല പ്രദേശത്ത് മലടിയിടിച്ച് നിര്‍മ്മിച്ച കൃത്രിമതടാകത്തിലെ തടഞ്ഞു നിര്‍ത്തിയ വെള്ളം തുറന്നുവിട്ടാല്‍ മാത്രമേ വേനല്‍ക്കാലത്ത് ചീങ്കണ്ണിപ്പാലി ആദിവാസി കോളനിക്കാര്‍ക്കടക്കം കുടിവെള്ളം ലഭിക്കൂ.

ഊട്ടിക്കു സമാനമായ തണുപ്പുള്ള കാലാവസ്ഥയാണ് കക്കാടംപൊയിലില്‍. ടൂറിസം കേന്ദ്രമായി വളരുന്നതോടെ വന്‍തോതില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഗുണ്ടാസംഘങ്ങളെ കാവല്‍ നിര്‍ത്തിയാണ് പലയിടത്തും അനധികൃത നിര്‍മ്മാണം തകൃതിയായി നടക്കുന്നത്.

Top