2021ലെ റവന്യുകമ്മി പരിഹരിക്കാന്‍ കേരളത്തിന് 15,323 കോടി രൂപ നല്‍കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: 2021ലെ റവന്യുകമ്മി പരിഹരിക്കാന്‍ കേരളത്തിന് 15,323 കോടി രൂപ നല്‍കണമെന്നു ധനകാര്യ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. കണ്ണൂര്‍, കൊച്ചി, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയുള്‍പ്പെടെ 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍ക്കു മാലിന്യ നിര്‍മാര്‍ജനത്തിനും ജലവിതരണശുചിത്വ പദ്ധതികള്‍ക്കുമായി പ്രത്യേക ധനസഹായവും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 31,939 കോടിയുടെ റവന്യു കമ്മിയെന്നു കമ്മിഷന്‍ കണക്കാക്കുന്നു. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 1.943 ശതമാനമാണ് കേരളത്തിനായി കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ നികുതി വിഹിതം ലഭിച്ചശേഷവും കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് റവന്യുകമ്മിയുണ്ടാകുമെന്നാണു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ക്കു ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലായി അടിസ്ഥാന ആവശ്യങ്ങള്‍ക്കും നിശ്ചിത പദ്ധതികള്‍ക്കും 50:50 അനുപാതത്തില്‍ ഗ്രാന്റ് നല്‍കാനും നിര്‍ദേശമുണ്ട്.

ഗ്രാമ തദ്ദേശസ്ഥാപനങ്ങള്‍ക്ക് 1628 കോടി രൂപയും നഗര തദ്ദേശസ്ഥാപനങ്ങള്‍ക്ക് 784 കോടി രൂപയും 10 ലക്ഷത്തിലേറെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത് .

കണ്ണൂര്‍ 46 കോടി രൂപ, കൊച്ചി 59 കോടി രൂപ, കൊല്ലം 31 കോടി രൂപ, കോഴിക്കോട് 57 കോടിരൂപ, മലപ്പുറം 47 കോടിരൂപ, തിരുവനന്തപുരം 47 കോടിരൂപ, തൃശൂര്‍ 52 കോടി രൂപ എന്നിങ്ങനെ മൊത്തം 339 കോടി രൂപ. ഇതുള്‍പ്പെടെയാണ് നഗര തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 784 കോടി നിര്‍ദേശിച്ചിട്ടുള്ളത്.

10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങള്‍ക്ക് ഈ പണം നല്‍കാന്‍ കേന്ദ്ര നഗര വികസന, പരിസ്ഥിതി മന്ത്രാലയങ്ങളുടെ ശുപാര്‍ശ വേണം. മറ്റുള്ളവയ്ക്ക് അടുത്ത ജൂണിലും ഒക്ടോബറിലുമായി 2 ഗഡുക്കളായി പണം നല്‍കാനാണു നിര്‍ദേശം.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യത്തിനു നല്‍കുന്ന പണം ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ക്കല്ല, അതതു പ്രദേശത്തെ വികസനാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിനു കേന്ദ്രം നല്‍കുന്ന പണം 10 പ്രവൃത്തി ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൈമാറണം. വൈകിയാല്‍, വിപണിയില്‍ നിന്നുള്ള വികസനവായ്പകളുടെ നിരക്കില്‍ പലിശ കൂടി നല്‍കണം എന്നാണ് നിര്‍ദ്ദേശം.

Top