സ്വര്‍ണക്കടത്ത് കേസിനുള്ള പ്രതികാരം; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്ന് പി.കെ കൃഷ്ണദാസ്

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ബിജെപിയെ തകര്‍ക്കാന്‍ മനപൂര്‍വ്വം ശ്രമം നടക്കുകയാണ്. ബിജെപി പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ വിളിക്കേണ്ടത് ബിജെപി നേതാക്കളെ അല്ലെങ്കില്‍ പിന്നെ ആരെയാണ്. പല കാര്യങ്ങള്‍ക്ക് വേണ്ടിയും വിളിച്ചിട്ടുണ്ടാകും. വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത്. മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും കേരള നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി മാറിയെന്നും ആക്ഷേപിച്ച പി കെ കൃഷ്ണദാസ് നിയമ സഭയില്‍ പിണറായിയും വി.ഡി സതീശനും ദാസനും വിജയനും കളിക്കുന്നു എന്നും കുറ്റപ്പെടുത്തി.

ബിജെപി കോര്‍ കമ്മറ്റിക്ക് പൊലീസ് അനുമതി നിഷേധിച്ച നടപടി സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന് തെളിവാണ്. കൊടകര കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും സിപിഎം സിപിഐ സഹയാത്രികരാണ്. പ്രതി മാര്‍ട്ടിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കണം. മാര്‍ട്ടിന്‍ സിപിഎം എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ സംഭവ ശേഷം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Top