ഷി ചിന്‍പിങ്ങിനെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിച്ചിരുന്നെന്ന്‌ വെളിപ്പെടുത്തല്‍

ഹോങ്കോങ്: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമം നടത്തിയതായി വെളിപ്പെടുത്തല്‍.

ബെയ്ജിങ്ങിലെ ടിയാനന്‍മെന്‍ ചത്വരത്തിനു സമീപമുള്ള ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടക്കുന്ന 19-ാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ഈ സുപ്രധാന വെളിപ്പെടുത്തലുണ്ടായത്.

2012ല്‍ ഷി ചിന്‍പിങ് അധികാരമേറ്റതിനു തൊട്ടുപിന്നാലെയായിരുന്നു അട്ടിമറിശ്രമം. എന്നാല്‍, ഇതേക്കുറിച്ചു സൂചന ലഭിച്ച ചിന്‍പിങ്, അടിയന്തര നീക്കത്തിലൂടെ അട്ടിമറി ശ്രമത്തിനു തടയിട്ടതായും ചൈനയുടെ സെക്യൂരിറ്റീസ് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ലിയു ഷിയു വ്യക്തമാക്കി.

അഴിമതിക്കെതിരായ കടുത്ത നിലപാടുകളാണ് ഷി ചിന്‍പിങ്ങിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ വിമതരെ പ്രേരിപ്പിച്ചതെന്നും ലിയു ഷിയു അവകാശപ്പെട്ടു.

ചൈനീസ് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാലു മുന്‍സിപ്പാലിറ്റികളില്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ നഗരമായ ചോങ്കിങ്ങിലെ പാര്‍ട്ടി മുന്‍ സെക്രട്ടറി സണ്‍ ഷെങ്കായിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി ശ്രമം.

പാര്‍ട്ടിയിലെ അധികാരകേന്ദ്രമായ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി (പിഎസ്‌സി) യിലേക്കു പോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് സണ്‍ ഷെങ്കായ്. ഇയാള്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ സുപ്രധാന സ്ഥാനങ്ങള്‍ കയ്യാളിയിരുന്ന ആറോളം പേര്‍ അട്ടിമറി നീക്കത്തിനു പിന്നിലുണ്ടായിരുന്നു.

സണ്‍ ഷെങ്കായിയെ കൂടാതെ മുന്‍ സുരക്ഷാ മേധാവി ഴോ യോങ്കാങ്, ചോങ്ഖിങ്ങിലെ പാര്‍ട്ടി മുന്‍ സെക്രട്ടറി ബോ സിലായി, സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്‍ (സിഎംസി) മുന്‍ വൈസ് ചെയര്‍മാന്‍മാരായ ഗുവോ ബോക്‌സിയോങ്, ഷു കായോ, മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയുടെ മുതിര്‍ന്ന ഉപദേശകനായിരുന്ന ലിങ് ജിഹുവ എന്നിവരാണ് ചിന്‍പിങ്ങിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിക്കാന്‍ നീക്കം നടത്തിയത്.

സംഭവം പുറത്തായതോടെ ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അട്ടിമറി നീക്കത്തിനു നേതൃത്വം നല്‍കിയ സണ്‍ ഷെങ്കായിയെ കഴിഞ്ഞ മാസം അവസാനം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചൈനീസ് ദേശീയ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവാ റിപ്പോര്‍ട്ടു ചെയ്തു.

ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അന്വേഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒപ്പമുണ്ടായിരുന്നവരില്‍ ചിലരെയും അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന അഴിമതി നിമിത്തം പാര്‍ട്ടിയെ പിളര്‍ത്താനും സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുമുള്ള ശ്രമങ്ങള്‍ സജീവമാണെന്ന് ഷിയു വ്യക്തമാക്കി. ഷി ചിന്‍പിങ്ങിന്റെ സമയോചിത ഇടപെടലാണ് അട്ടിമറി ശ്രമത്തില്‍നിന്ന് പാര്‍ട്ടിയെയും സൈന്യത്തെയും രാജ്യത്തെയും രക്ഷിച്ചത്.

ഇതുവഴി രാജ്യാന്തര തലത്തില്‍ സോഷ്യലിസത്തിന്റെ രക്ഷകനായും ഷി ചിന്‍പിങ് മാറിയതായി ഷിയു അവകാശപ്പെട്ടു.

Top