ഭാവനയുടെ വൻ വെളിപ്പെടുത്തൽ പ്രതീക്ഷിച്ചവർ ഇളിഭ്യരായി !

കൊച്ചി: ആക്രമിക്കപ്പെട്ട കേസിൽ നടി ഭാവനയുടെ വെളിപ്പെടുത്തലിൽ ‘ബോംബ് ‘ സ്ഫോടനം പ്രതീക്ഷിച്ചവർ ഇളിഭ്യരായി. വനിതാ ദിനത്തിൽ വലിയ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരാണ് നിരാശരായത്. ഇനി മുതൽ നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നതിനു പകരം ഭാവന ആക്രമിക്കപ്പെട്ട കേസ് എന്നു പറയാനുള്ള അവസരം കൂടിയാണ് പരസ്യമായ തുറന്നു പറച്ചിലിലൂടെ നടി ഉണ്ടാക്കി കൊടുത്തിരിക്കുന്നത് ‘താൻ ‘ഇര’ അല്ലന്നും അതിജീവിത ആണെന്നുമാണ് ഭാവന പറയുന്നത്.

വിചാരണ ഏതാണ്ട് പൂർത്തീകരിച്ച് വിധി പറയുന്ന ഘട്ടത്തിൽ എത്തിനിൽക്കുന്ന കേസിൽ , ഇരയുടെ വെളിപ്പെടുത്തലിനെ നിയമകേന്ദ്രങ്ങളും ഗൗരവമായാണ് വീക്ഷിച്ചിരുന്നത്.

തനിക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തെ കുറിച്ച് ഭാവന തുറന്നുപറയുമെന്ന്, പ്രമുഖ മാധ്യമ പ്രവർത്തകയായ ബര്‍ഖ ദത്ത് ശനിയാഴ്ചയാണ് അറിയിച്ചിരുന്നത്. “നടി മൗനം വെടിയുന്നു. ഒരു ലൈംഗികാതിക്രമ കേസില്‍ കേരളത്തിലെ ഏറ്റവും വലിയ ഒരു സിനിമാ താരത്തെ നേരിടുന്നതെങ്ങനെയെന്ന് അവര്‍ പറയുന്നു” എന്നാണ് ‘ ബര്‍ഖാ ദത്ത് ഇൻസ്റ്റഗ്രാമില്‍ കുറിച്ചിരുന്നത്. പരിപാടിയുടെ പോസ്റ്റര്‍ ‘വി ദ വിമെന്‍ ഏഷ്യ’യും’ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയുണ്ടായി. പ്രമുഖ മലയാള മാധ്യമങ്ങളെല്ലാം ഇത് വളരെ പ്രാധാന്യത്തോടെയാണ് റിപ്പാർട്ട് ചെയ്തിരുന്നത്.

ഞായറാഴ്ച മുസ്ലീം ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ച വാർത്തകൾ നിർത്തിവച്ചാണ്, ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഭാവനയുടെ പ്രതികരണം ലൈവായി കൊടുത്തിരുന്നത്. എന്നാൽ, മാധ്യമങ്ങൾ പ്രതീക്ഷിച്ച ‘വിഭവമൊന്നും’ അവർക്ക് കിട്ടിയില്ല എന്നതാണ് യാഥാർത്ഥ്യം.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ . . .

കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കേസിന്‍റെ വിശദാംശം പറയുന്നില്ല. കോടതിയില്‍ 15 ദിവസം പോയി. അഞ്ച് വര്‍ഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളില്‍ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലര്‍ മുറിവേല്‍പ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്‍തു. ഞാന്‍ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലര്‍ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകര്‍ന്നുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തില്‍ സുഹൃത്തുക്കളോട് പറഞ്ഞു. തീര്‍ച്ഛയായും കുറേ വ്യക്തികള്‍ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നല്‍കി. എനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി. ഞാന്‍ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും. എനിക്ക് എന്‍റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴില്‍ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാല്‍ കുറച്ചുപേര്‍ അവസരങ്ങള്‍ വാഗ്‍ദാനം ചെയ്‍തു. എന്നാല്‍ ഞാനത് വേണ്ടെന്നുവയ്ക്കുക ആയിരുന്നുവെന്നും ഭാവന പറഞ്ഞു.

കോടതിയിൽ മാത്രമല്ല, കേരളം കാത്തിരുന്ന ഈ അഭിമുഖത്തിൽ പോലും ഒരു ഘട്ടത്തിലും ദിലീപിൻ്റെ പേര് പറയാൻ നടി തയ്യാറായിട്ടില്ലന്നതാണ് യാഥാർത്ഥ്യം.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ചിനും, അന്വേഷണ സംഘത്തെ വധിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കും കാര്യമായ ഒരു തെളിവും ഇതുവരെ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. തെളിവുകൾ കൈവശമുണ്ടെന്നും ദിലീപിൻ്റെ ജാമ്യം റദ്ദാക്കും എന്നൊക്കെ പറഞ്ഞ ഉദ്യോഗസ്ഥരും ഇപ്പോൾ പ്രതികരിക്കാത്ത സാഹചര്യമാണുള്ളത്.

Top