ഒരേ തോണിയിലെ യാത്രക്കാര്‍, സിദ്ധിഖിന്റെ കൂറുമാറ്റത്തില്‍ അതിശയമില്ല; രേവതി സമ്പത്ത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ നടന്‍ സിദ്ധിഖിനെതിരെ രൂക്ഷവിമര്‍ശനവുമായി ആക്ടിവിസ്റ്റ് രേവതി സമ്പത്ത്. തന്നോട് ലൈംഗികത ആവശ്യപ്പെട്ട് സംസാരിച്ച സിദ്ധിഖിന്റെ കൂറുമാറ്റത്തില്‍ അതിശയപ്പെടുന്നില്ലെന്നാണ് രേവതി പറയുന്നത്. ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണെന്നും രേവതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

“ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ” എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!
ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും.
സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ !
Top