ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവച്ചിരുന്നെന്ന് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍

ന്യൂഡല്‍ഹി: താലിബാന്‍ ഇന്നലെ തടഞ്ഞു വച്ചത് സ്ഥിരീകരിച്ച് കാബൂളില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാര്‍. വിമാനത്താവളത്തിന് തൊട്ടു മുന്നില്‍ താലിബാന്‍ തങ്ങളെ തടഞ്ഞെന്നാണ് ഇവര്‍ പറയുന്നത്. പത്തു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞു വച്ചിരുന്നു എന്നും ഇവര്‍ അറിയിച്ചു.

നാലു മണിക്കൂറിലധികം താലിബാന്‍ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. മറ്റൊരു വാതില്‍ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയാണ് ആറ് ബസുകള്‍ വഴിതിരിച്ചു വിട്ടത്. പിന്നീട് പത്തു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. വിഡിയോകാള്‍ വഴി ഒരാള്‍ നിര്‍ദ്ദേശം നല്കിയ ശേഷമാണ് വിട്ടയച്ചതെന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയവര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് ഡല്‍ഹിയിലെത്തിച്ചത്. ഇനി അഞ്ഞൂറിലധികം പേര്‍ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്കെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ 89 പേരെ താജിക്കിസ്ഥാനില്‍ ഇറക്കിയിരുന്നു. ഇവരെ പിന്നീട് പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടു വന്നു.

Top