സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദിയും ചിദംബരവും;കത്തെഴുതി വെച്ച് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ലഖ്നൗ: രാജ്യത്തെ സാമ്പത്തിക സ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതില്‍ മനംനോന്ത് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. അസം സ്വദേശി ബിജന്‍ ദാസി(55)നെയാണ് അലഹബാദിലെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്താണ് ആത്മഹത്യ കുറിപ്പ് എഴുതിയിരിക്കുന്നത്. അതില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നു.ഇന്ത്യയുടെ നിലവിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം പി ചിദംബരത്തിന്റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണെന്നും കത്തിലുണ്ട്.

സെപ്റ്റംബര്‍ ആറിന് പ്രയാഗ് ഹോട്ടലില്‍ മുറിയെടുത്ത ബിജന്‍ ദാസിനെ പിറ്റേദിവസം പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പിനൊപ്പം സ്വന്തം ശവസംസ്‌കാരച്ചടങ്ങിനായി 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും ലഭിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം സംസ്‌കാരച്ചടങ്ങിന് കൂടുതല്‍ പണം നല്‍കാനാവില്ലെന്നും ബിജന്‍ ദാസ് സൂചിപ്പിച്ചിട്ടുണ്ട്. അഴിമതിയും ക്രമക്കേടും നിറഞ്ഞ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ആത്മഹത്യ തിരഞ്ഞെടുത്തതെന്ന് കത്തില്‍ പറയുന്നു.

Top