Retired Army subedar Ram Kishan Grewal’s suicide- DYFI Protest

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്ദിറില്‍ മുന്‍ സൈനികന്‍ ആത്മഹത്യ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്.

രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച ജവാന്‍ സ്വന്തം അവകാശത്തിനു വേണ്ടി ആത്മഹത്യ ചെയ്തത് ദു:ഖകരം തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Adv. PA Mohamed Riyas

കേന്ദ്രസര്‍ക്കാറിന്റെ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജന്തര്‍ മന്ദിറില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനികന്‍ ഹരിയാന ഭിവാനി ജില്ലയിലെ ബുംല സ്വദേശി രാം കിഷന്‍ ഗെര്‍വാളിന്റെ കുടുംബത്തെ ഹരിയാനയിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു പ്രതികരണം

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ കാണാന്‍ രാം കിഷന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് അനുമതി നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നും റിയാസ് പറഞ്ഞു.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കുന്നതിലും വിമുക്ത ഭടന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിമുക്ത ഭടന്‍മാര്‍ക്ക് നീതി ലഭിക്കുന്നതിന് കടുത്ത നടപടികള്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും അദ്ധേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പട്ടാളക്കാര്‍ക്കുവേണ്ടിയാണ് താന്‍ ഈ കടുംകൈ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ടെന്നും റിയാസ് ചൂണ്ടിക്കാട്ടി.

Adv. PA Mohamed Riyas

രാം കിഷന്റെ മക്കളായ ദില്‍വര്‍ സിംഗ് ഗ്രവാള്‍ ജസ്വന്ത് സിംഗ് ഗ്രവാള്‍ എന്നിവരോട് സംസാരിച്ചപ്പോള്‍ ഡല്‍ഹി പോലീസിന്റെ ഭാഗത്ത് നിന്നും കടുത്ത അപമാനമാണ് കുടുംബത്തിനു നേരിട്ടതെന്ന വിഷമം അവര്‍ പങ്കു വെച്ചതായും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച ജവാന്‍ സ്വന്തം അവകാശത്തിനു വേണ്ടി ആത്മഹത്യ ചെയ്തത് ദു:ഖകരം തന്നെയാണ്. ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുവാന്‍ ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുമെന്നും റിയാസ് വ്യക്തമാക്കി.

Top