രേഖകള്‍ നഷ്ടപ്പെട്ടു; കോഴിക്കോട് റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്: രേഖകള്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നരിക്കുനി വിളപ്പില്‍ മീത്തല്‍ മുഹമ്മദലി (63)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിനടുത്തുള്ള കിണറ്റില്‍ ഇന്ന് പുലര്‍ച്ചയാണ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഹമ്മദാലിയുടെ എസ് എസ് എല്‍ സി ബുക്ക് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് താന്‍ ഇവിടെ നിന്ന് പോവേണ്ടി വരുമോയെന്ന് ഭാര്യ ആസ്യയോട് ചോദിച്ചിരുന്നതായി മുഹമ്മദാലിയുടെ സഹോദരന്‍ അബ്ദുള്‍ നാസര്‍ പ്രതികരിച്ചു. എന്നാല്‍ മരണകാരണം ഇതാണോയെന്ന് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദാലിയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രേഖകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നില്ല. പകരം വിലപ്പെട്ട രേഖകള്‍ കൈമോശം വന്നൂവെന്നും വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് പോയതെന്നും കുറിപ്പില്‍ പറുന്നു. മാത്രമല്ല തനിക്ക് വൈറസ് ബാധ ഏറ്റൂവെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് അറിവില്ല. ചെങ്ങോട്ട് പൊയില്‍ സ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനായിരുന്ന മുഹമ്മദാലിക്ക് മൂന്നു മക്കളാണുള്ളത്.

Top