ഇന്ത്യയുമായി വ്യാപാര യുദ്ധത്തിനില്ല, പാം ഓയില്‍ പ്രതിസന്ധിയില്‍ വലഞ്ഞ് മലേഷ്യ

ലാങ്കാവി: തങ്ങളുടേത് വളരെ ചെറിയ രാജ്യമാണ്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ ഒരു വ്യാപാര യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. തുടര്‍ന്നാണ് മഹാതിര്‍ മുഹമ്മദ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇന്ത്യ ഇറക്കുമതി നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ മറികടക്കാന്‍ മറ്റ് വഴികള്‍ നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയാണ് മലേഷ്യയുടെ ഏറ്റവും വലിയ പാംഓയില്‍ വിപണി. എന്നാല്‍ ഇന്ത്യ ഇറക്കുമതി നിര്‍ത്തിയതോടെ മലേഷ്യ കടുത്ത പ്രതിസന്ധിയിലായി എന്നതാണ് വാസ്തവം. പാം ഓയില്‍ വില്‍പന കഴിഞ്ഞ ആഴ്ച 10 ശതമാനം ഇടിഞ്ഞിരുന്നു. 11 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ കയറ്റുമതിയാണ് ഉണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

മലേഷ്യയോട് ഇന്ത്യക്ക് നേരത്തേയും ഇഷ്ടക്കേട് ഉണ്ടായിരുന്നു. ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്കിന് അഭയം കൊടുത്തതാണ് ഇന്ത്യയുടെ അതൃപ്തിക്ക് കാരണം.

Top