അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങൾ മുസ്ലീംലീഗിനും ഏറെ നിർണ്ണായകം !

ഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ പ്രതിപക്ഷത്തിനും ഏറെ നിര്‍ണ്ണായകമാകും. കോണ്‍ഗ്രസ്സിന്റെ പ്രകടനം യു.ഡി.എഫിനെ മൊത്തത്തിലാണ് ബാധിക്കാന്‍ പോകുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍, പഞ്ചാബ്സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ കോണ്‍ഗ്രസ്സ് ഭരണമുള്ളത് പഞ്ചാബില്‍ മാത്രമാണ്. മാര്‍ച്ച് 10ന് വോട്ടെണ്ണുമ്പോള്‍ പഞ്ചാബ് കൂടി കൈവിട്ടാല്‍ അത് കേരളത്തിലെ യു.ഡി.എഫിനെയാണ് പ്രതിരോധത്തിലാക്കുക. അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ലോകസഭ തിരഞ്ഞെടുപ്പിലും അത് ശരിക്കും ബാധിക്കും.

കേരളത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ 19 സീറ്റുകളിലും യു.ഡി.എഫാണ് വിജയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ രക്ഷകനായി കണ്ട് മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ പിന്തുണയാണ് ഈ വന്‍ വിജയത്തിനു കാരണമായിരുന്നത്. എന്നാല്‍ രാഷ്ട്രീയ കേരളം നല്‍കിയ ഈ പിന്തുണ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിനു ലഭിച്ചിരുന്നില്ല. ഇതാണ് മോദിക്ക് രണ്ടാം ഊഴം എളുപ്പമാക്കിയിരുന്നത്. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമായാണ് കേരളവും വിധി എഴുതിയിരുന്നത്. ദേശീയ തലത്തില്‍ നഷ്ടപ്പെട്ട കരുത്ത് തിരിച്ചു പിടിക്കാതെ ഇനി ഒരടി മുന്നോട്ട് പോകാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനും കഴിയുകയില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ കൂടി തകര്‍ന്നടിഞ്ഞാല്‍ അത് മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസത്തെയും കാര്യമായി ബാധിക്കും.

മൂന്നാം ബദലിനായി കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം ശക്തമാക്കിയതും കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയാണ്. യു.പി.എ ഘടക കക്ഷികള്‍ക്കു പോലും വിശ്വാസമില്ലാത്ത പാര്‍ട്ടിയായി ഇതിനകം തന്നെ കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു. ഇതു തന്നെയാണ് കേരളത്തിലെയും അവസ്ഥ. പഞ്ചാബില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിട്ടാല്‍ യു.ഡി.എഫിലും അതു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പ്രധാന ഘടകകക്ഷിയായ മുസ്ലീംലീഗിനാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരിക. ബി.ജെ.പിക്ക് ബദലല്ല കോണ്‍ഗ്രസ്സ് എന്ന വാദം ഇപ്പോള്‍ തന്നെ ആ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്.

മാര്‍ച്ച് 10ലെ വിധിയെഴുത്ത് കോണ്‍ഗ്രസ്സിന് എതിരായാല്‍ ഈ വാദത്തിനു കൂടിയാണ് ശക്തി കൂട്ടുക. ലീഗിന്റെ പ്രധാന വോട്ട് ബാങ്കായ സമസ്ത പോലും ഉടക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ ലീഗ് നേതൃത്വമാണ് പ്രതിരോധത്തിലാകുക. ‘യു.ഡി.എഫ് വിട്ടാല്‍ എങ്ങോട്ട് ‘എന്ന ചോദ്യമാണ് ലീഗിനെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്. എന്നാല്‍ സമസ്ത നേതൃത്വവുമായി അടുത്ത ബന്ധമുള്ള ലീഗ് വിഭാഗത്തിന് ഇടത്തോട്ടും ഒരു നോട്ടമുണ്ട്. ഇടതുപക്ഷം വാതില്‍ തുറന്നാല്‍ ഈ വിഭാഗം അനുകൂലമായി പ്രതികരിക്കാനാണ് സാധ്യത. അധികാരമില്ലാതെ 10 വര്‍ഷം പുറത്തു നില്‍ക്കേണ്ടി വരുന്നതിന്റെ വിഷമം ശരിക്കും മുസ്ലീംലീഗ് നേതൃത്വത്തില്‍ വ്യക്തമാണ്. അത് 15 വര്‍ഷമായി നീളുന്നതിനെ കുറിച്ച് സ്വപ്‌നത്തില്‍ പോലും അവര്‍ക്ക് ചിന്തിക്കാന്‍ കഴിയുകയില്ല.

ഇടതു സ്വതന്ത്രനായ വി അബ്ദു റഹ്മാനും ഒറ്റ എം.എല്‍.എ മാത്രമുള്ള ഐ.എന്‍.എല്‍ പ്രതിനിധിക്കും ഇടതുപക്ഷം മന്ത്രിസ്ഥാനം നല്‍കിയതും ലീഗിനുള്ള മാസ് മറുപടിയാണ്. ഈ രണ്ടു മന്ത്രിമാര്‍ക്കും കെ.ടി ജലീലിനും സമസ്ത നേത്യത്വവുമായും വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സമസ്തയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതും ലീഗിനെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. സമസ്തയിലെ ലീഗ് അനുകൂലികള്‍ ഇടക്കിടെ സംഘടനാ നിലപാടെന്ന് പറയുന്നതു പോലും പിന്നീട് പരസ്യമായി തിരുത്തുന്ന രൂപത്തിലേക്കാണ് സമസ്ത നേതൃത്വം മാറിയിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ മുസ്ലീംലീഗ് മുഖപത്രമായ ചന്ദ്രികയെ തന്നെ പരസ്യമായി തള്ളിയാണ് സമസ്ത നേതൃത്വം രംഗത്തു വന്നിരിക്കുന്നത്. ‘മുശാവറ’ തീരുമാനമെന്ന പേരില്‍ ചന്ദ്രികയില്‍ വന്ന വാര്‍ത്തയെ വാസ്തവ വിരുദ്ധമാണെന്ന് തുറന്നടിച്ചാണ് സമസ്ത നേരിട്ടിരിക്കുന്നത്. ‘ലീഗുമായ ബന്ധം തുടരുമെന്ന് സമസ്ത ഉന്നതാധികാര സമിതി തീരുമാനിച്ചെന്നായിരുന്നു” ചന്ദ്രിക ഓണ്‍ലൈനില്‍ വന്നിരുന്ന വാര്‍ത്ത. പത്രക്കുറിപ്പില്‍ ഇല്ലാത്ത വാചകമാണിതെന്നാണ് സമസ്തയും തിരിച്ചടിച്ചിരുന്നത്. പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സമസ്!ത ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമസ്ത സര്‍ക്കാരുമായും ഇടതുപക്ഷവുമായും അടുക്കുന്നു എന്ന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെയാണ് കോഴിക്കോട്ട്മുശാവറയോഗം ചേര്‍ന്നിരുന്നത്.

‘നേരത്തെ മുതല്‍ സ്വീകരിച്ച സാമുദായിക പ്രശ്‌നങ്ങളില്‍ ലീഗിനോട് സഹകരിക്കുന്ന രീതി തുടരുമെന്നും ” എന്നാല്‍ പൂര്‍ണ്ണമായും വിധേയപ്പെടേണ്ടതില്ലെന്ന അഭിപ്രായം ആയിരുന്നു, യോഗത്തില്‍ പൊതുവായി ഉയര്‍ന്നിരുന്നത്. രാഷ്ട്രീയ പക്ഷം വെളിവാക്കിക്കൊണ്ട് ഒരു പ്രസ്താവനയും വേണ്ടതില്ലെന്നും ഈ യോഗം തീരുമാനിച്ചിരുന്നു. ഈ നിലപാടിനെ ലീഗ് മുഖപത്രം വളച്ചൊടിച്ചതാണ് സമസ്ത നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നത്. ലീഗുമായി സഹകരിക്കുമ്പോഴും പൂര്‍ണ്ണമായും വിധേയപ്പെടില്ലന്ന നിലപാട് ആദ്യമായാണ് സമസ്ത സ്വീകരിച്ചിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് സമസ്തയുടെ നിലപാടിലും കാര്യമായ മാറ്റം സംഭവിച്ചിരിക്കുന്നത്. അത് വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രകടമായിരുന്നു.

ഇടതുപക്ഷം പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ മനുഷ്യ ശൃംഖലയില്‍ ലീഗ് എതിര്‍പ്പ് മറികടന്നാണ് സമസ്ത പ്രവര്‍ത്തകരും അണിനിരന്നിരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും അധികംപേര്‍ പങ്കെടുത്ത പ്രക്ഷോഭമായാണ് ഈ ശൃംഖല മാറിയിരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയായിരുന്നു ഇടതുപക്ഷം മഹാശൃംഖല തീര്‍ത്തിരുന്നത്. ഇതിനു ബദലായി മനുഷ്യ ഭൂപടം നിര്‍മ്മിച്ച് ഇടതുപക്ഷ മേല്‍ക്കോയ്മ ചെറുക്കാന്‍ യു.ഡി.എഫ് ശ്രമിച്ചെങ്കിലും ഭൂപടം വെറും ‘പടമായി ‘ മാറുകയാണ് ഉണ്ടായത്. വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ യു.ഡി.എഫിന്റെ ഈ പ്രതിഷേധത്തിനും സാധിച്ചിരുന്നില്ല. കേരളത്തില്‍ മുന്നണി സമവാക്യങ്ങളെ തകിടം മറിച്ചാണ് ഇടതുപക്ഷം ഭരണ തുടര്‍ച്ച സാധ്യമാക്കിയിരിക്കുന്നത്. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഈ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് വോട്ട് ബാങ്കില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പിടിപ്പുകേടായാണ് യു.ഡി.എഫ് പരാജയത്തെ മുസ്ലീംലീഗ് നേതൃത്വം നോക്കി കാണുന്നത്. പഞ്ചാബില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സിനു ഇനിയും തിരിച്ചടി നേരിട്ടാല്‍ സമുദായത്തില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുമോ എന്ന ഭീതിയും ലീഗ് നേതൃത്വത്തിനുണ്ട്. അസംതൃപ്തര്‍ ഇടത്തോട്ട് ചാടുമോ എന്ന് ലീഗ് നേതൃത്വം ഭയപ്പെടുന്നതും അതു കൊണ്ടാണ് . . .

EXPRESS KERALA VIEW

Top