ചൈനയെ വിട്ടുപോകുന്ന വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഫലം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച് സാംസങ് ഇലക്ട്രോണിക്‌സ് മുതല്‍ ആപ്പിള്‍ വരെയുള്ള കമ്പനികള്‍. വൈദ്യുതോപകരണ നിര്‍മാതാക്കള്‍ക്ക് മോദി സര്‍ക്കാര്‍ മാര്‍ച്ചില്‍ അഞ്ചു വര്‍ഷത്തേക്ക് അവരുടെ വില്‍പനയുടെ നാലു മുതല്‍ ആറു ശതമാനം വരെ ഇന്‍സന്റീവ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു ഡസനോളം കമ്പനികളാണ് മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ക്കായി 1.5 മില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ തയാറായിട്ടുള്ളത്.

സാംസങ്ങിനു പുറമെ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ കോര്‍പ് എന്നിവയും നിക്ഷേപത്തിന് തയാറായിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസിനും ഇന്ത്യ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, ഫുഡ് പ്രൊസസിങ് എന്നിവയ്ക്കും രാജ്യത്തിന്റെ കൈത്താങ് പ്രതീക്ഷിക്കാം. കൊറോണ വൈറസിന്റെ വ്യാപനവും യുഎസ് ചൈന വാണിജ്യ പ്രശ്‌നങ്ങളും കണക്കിലെടുത്ത് വ്യവസായങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

അനുയോജ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതുവരെ ഇന്ത്യയെ വ്യാവസായികമായി അനുകൂല പ്രദേശമായല്ല പലരും കാണുന്നത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ സര്‍വേ പ്രകാരം വിയറ്റ്‌നാമാണ് വ്യവസായത്തിന് ഏറ്റവും അനുയോജ്യം. കംബോഡിയ, മ്യാന്‍മര്‍, ബംഗ്ലദേശ്, തായ്ലന്‍ഡ് എന്നിവയാണ് പിന്നില്‍. ഇലക്ട്രോണിക്‌സ് മേഖലയിലൂടെ മാത്രം 153 ബില്യന്‍ ഡോളറിന്റെ വസ്തുക്കള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിര്‍മിക്കപ്പെടുമെന്നും പത്തു ലക്ഷത്തോളം ജോലി സൃഷ്ടിക്കപ്പെടുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

Top