താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണമേര്‍പ്പെടുത്തി. ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാന്‍ എംഎല്‍എ തലത്തില്‍ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. അവധി ദിവസങ്ങളിലുള്‍പ്പെടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടത്തിന്റെ ഇടപെടല്‍.

ദ്രുതകര്‍മ്മ സേനയുടെ സേവനം ചുരത്തിലുടനീളം ഉറപ്പുവരുത്തും. വയനാട് കോഴിക്കോട് ജില്ലകളിലെ പൊലീസ്- മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം രൂപീകരിച്ച് നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുളള പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാതയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ എംഎല്‍എമാരുടെ യോഗം ഉടന്‍ വിളിക്കുമെന്നും കോഴിക്കോട് ജില്ല കളക്ടര്‍ മനുഷ്യാവകാശ കമ്മീഷന് മറുപടി നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട് – വയനാട് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബത്തേരി നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.എല്‍. സാബു സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍.

നേരത്തെ പരിഹാര മാര്‍ഗ്ഗങ്ങള്‍ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതില്‍ പാളിച്ചകളുണ്ടായിരുന്നു. നടപടികള്‍ വൈകുന്നതില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാര്‍ഗ്ഗങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ടോറസ്, ടിപ്പര്‍ വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതല്‍ 9 വരെയും തിങ്കളാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയും നിയന്ത്രണമുണ്ടാകും.

Top