ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല; ഉത്സവം ചടങ്ങായി മാത്രം നടത്താന്‍ തീരുമാനം

തിരുവനന്തപുരം: ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഉത്സവം വേണ്ടെന്നു വച്ചതായും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

മിഥുനമാസ പൂജയ്ക്കു 14നു ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ ഭക്തരെത്തുന്നതു വിലക്കണമെന്നും 19 മുതലുള്ള ഉത്സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനിക്കു കത്തു നല്‍കിയിരുന്നു.തുടര്‍ന്ന് തന്ത്രിയുടെ നിര്‍ദ്ദേശം മാനിച്ച് ദര്‍ശനം വേണ്ടെന്നുവെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഉത്സവം ചടങ്ങായി നടത്താനാണ് തീരുമാനം. കോവിഡ് ഭീഷണി തുടരുന്നതിനാല്‍ തത്കാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Top