കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മ്മവും മാംസവിതരണവും പാടില്ലെന്ന്

കൊച്ചി: ബക്രീദ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടര്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മമോ മാംസവിതരണമോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ബലികര്‍മത്തിന് ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.

വീടുകളില്‍ ബലികര്‍മം നടത്തുമ്പോള്‍ പരമാവധി അഞ്ചു പേര്‍ മാത്രമേ എത്താവൂ. ക്വാറന്റീനില്‍ കഴിയുന്നവരും കഴിഞ്ഞ 14 ദിവസത്തിനുള്ള പനിയോ മറ്റു കോവിഡ് ലക്ഷണങ്ങളോ ഉള്ളവരും കര്‍മത്തില്‍ പങ്കെടുക്കാന്‍ പാടില്ല. ബലികര്‍മ വേളയിലും അതിനു ശേഷം വീടുകളില്‍ മാംസം വിതരണം ചെയ്യുമ്പോഴും പൂര്‍മണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചിരിക്കണം.

പള്ളികളില്‍ ബലികര്‍മവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും ഇടപെടുന്നവരും കോവിഡ് ടെസ്റ്റ് നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ഉത്തരവിലുള്ളത്.

ആഘോഷങ്ങള്‍ പരമാവധി ചുരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം നിര്‍വഹിക്കുക, കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കുക, പൊതുസ്ഥലങ്ങളിലെ ഈദ് ഗാഹ് ഒഴിവാക്കി പള്ളികളില്‍ മാത്രം പെരുന്നാള്‍ നമസ്‌കാരം നടത്തുക, പള്ളികളിലെ നമസ്‌കാരത്തിന് സാമൂഹിക അകലം പാലിച്ച് പരമാവധി നൂറുപേര്‍ മാത്രം പങ്കെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉത്തരവിലുണ്ട്.

Top