കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കര്‍ശനമായി നിര്‍ത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ടാവില്ലെന്ന് കലക്ടര്‍ അറിയിച്ചു.

വെളളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചു. മലയോര പ്രദേശങ്ങളിലൂടെ രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകള്‍ അല്ലാത്തവ ഒഴിവാക്കണം.

അതേസമയം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത് ദിവസങ്ങളില്‍ കേരളത്തില്‍ തീവ്ര മഴ ലഭിക്കും. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ കോഴിക്കോട് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.

Top