വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍പൂരം ചടങ്ങ് മാത്രമായി ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് അനുവദിച്ചില്ലെങ്കില്‍ ചടങ്ങുമാത്രമായി ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം.

പൂരത്തിന് വലിയ പടക്കങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് പാറമേക്കാവ് നിലപാട് വ്യക്തമാക്കിയത്

വലിയ പടക്കങ്ങള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച തീരുമാനം നാളെ ഉണ്ടാകുമെന്നാണ് സൂചന.

വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ ശിവകാശി പടക്കങ്ങള്‍ ഉപയോഗിച്ച് പൂരം നടത്തേണ്ടിവരും. ഇങ്ങനെ വെടിക്കെട്ട് നടത്താന്‍ പാറമേക്കാവ് ഉണ്ടാകില്ല. വെടിക്കെട്ട് തടയുന്നതിന് പിന്നില്‍ ശിവകാശി ലോബിയാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആരോപിച്ചു.

പൂരം ചടങ്ങ് മാത്രമാക്കുകയാണെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇലഞ്ഞിത്തറമേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വ്യക്തമാക്കി. വെടിക്കെട്ട് അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന കൊടിയേറ്റം പാറമേക്കാവ് ചടങ്ങ് മാത്രമായാണ് നടത്തിയത്.

കൊടിയേറ്റത്തിനു ശേഷമുള്ള ഭഗവതിയുടെ എഴുന്നള്ളിപ്പിന് ആനകളുടെ അകമ്പടിയുണ്ടായില്ല. ഒറ്റയാനപ്പുറത്താണ് ഭഗവതി പുറത്തേക്ക് എഴുന്നള്ളിയത്. എഴുന്നള്ളിപ്പിനുണ്ടാകാറുള്ള ചെമ്പടമേളവും പേരിനുമാത്രമായി. പ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ട ശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നിന്നു.

സാധാരണ പാറമേക്കാവ് വിഭാഗം പൂരം പുറപ്പെടലിന് അഞ്ച് ആനകളും 125 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ചെമ്പടമേളവും ഉണ്ടാകാറുണ്ട്. അതേസമയം തിരുവമ്പാടി വിഭാഗം സാധാരണപോലെ കൊടിയേറ്റം നടത്തി. നിയമം അനുവദിക്കുന്ന ഇനങ്ങള്‍ ഉപയോഗിച്ച് വെടിക്കെട്ടു നടത്തുകയും ചെയ്തു.

Top