ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മഡൂറോയുമായി ചര്‍ച്ച നടത്താം : ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വെനസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായി ചര്‍ച്ച നടത്താമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്ക എപ്പോഴും വെനസ്വേലന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഭരണഘടനയെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ മഡൂറോ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ജനാധിപത്യപരമായ രീതിയില്‍ രാജ്യത്ത് തിരഞ്ഞെടുപ്പു നടത്താന്‍ മഡൂറോ തയാറാവണമെന്നു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്, വെനസ്വേലയിലെ രാഷ്ട്രീയത്തടവുകാരെ പുറത്തുവിടണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും വൈറ്റ്ഹൗസ് വ്യക്തമാക്കി.

ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭണഘടനാ അസംബ്ലിയുടെ ആദ്യ യോഗത്തിനിടെയാണ് നിക്കോളാസ് മഡുറോ അറിയിച്ചത്.

റഷ്യയുമായുള്ള ബന്ധം പോലെ അമേരിക്കയുമായി ശക്തമായ ഒരു ബന്ധം ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top