താജ്മഹല്‍ ഒന്നുകില്‍ അടച്ചിടണം അല്ലെങ്കില്‍ പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആഗ്രയിലെ താജ്മഹലിന്റെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും നടപടി സ്വീകരിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒന്നുകില്‍ സ്മാരകം അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ശക്തമായ ഭാഷയില്‍ നിര്‍ദ്ദേശം നല്‍കി. ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

താജ്മഹലിനെ നേരാവണ്ണം സംരക്ഷിക്കുന്നതില്‍ അധികൃതര്‍ ഉദാസീന മനോഭാവമാണ് സ്വീകരിക്കുന്നത്. താജ്മഹലിന്റെ സംരക്ഷണത്തിനായി കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം യു.പി സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഫ്രാന്‍സിലെ ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍. യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍. നിരവധി പേരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. അത്രയും മനോഹരമായ താജ്മഹലിനെ നന്നായി പരിരക്ഷിക്കുയാണെങ്കില്‍ കേന്ദ്രത്തിന്റെ വിദേശ വിനിമയ പ്രശ്‌നം തന്നെ പരിഹരിക്കപ്പെടുമെന്നും സര്‍ക്കാരിന്റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

Top