ഒ​മ്പ​ത്​ റസ്റ്ററന്റുകള്‍ക്കെ​തി​രെ ന​ട​പ​ടി​യെടുത്ത് ഒമാന്‍

ഒമാന്‍: കൊവിഡ് രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം റസ്റ്റാറൻറുകളുടെയും ഹോട്ടലുകളുടേയും രാത്രിയുള്ള പ്രവർത്തനത്തിന് ഇളവ് നല്‍കിയിരുന്നു. ഇതില്‍ നിയമ ലംഘനം നടത്തിയ ഒമ്പത് റസ്റ്ററന്റുകള്‍ക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ആണ് നിയമ ലംഘനം കണ്ടെത്തിയത്.

അൽ ഖുവൈർ, ഖുറം എന്നീ പ്രദേശങ്ങളിലെ റസ്റ്റാറൻറുകൾക്കെതിരെയാണ് മസ്കറ്റ് നഗരസഭ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. രാത്രി എട്ട് മണിക്ക് ശേഷം ആളുകളെ അകത്ത് ഇരുത്തി ഭക്ഷണം നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സുപ്രീം കമ്മിറ്റി നിർദേശങ്ങൾ പാലിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.കഴിഞ്ഞ മാർച്ച് നാലിന് ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ രാത്രി കാല അടച്ചിടൽ കഴിഞ്ഞ ദിവസം ഇളവ് ചെയ്ത് തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 300 റിയാൽ പിഴ ചുമത്തുമെന്ന് അറിയിച്ചിരുന്നു. നിയമ ലംഘനം ആവർത്തിച്ചാല്‍ 1000 റിയാലായി പിഴ ഉയരും. വീണ്ടും നിയമം ലംഘിച്ചാല്‍ ലൈസൻസ് റദ്ദാക്കും.

Top