വിചാരണ കോടതിക്കെതിരായ പ്രതികരണം; എസ്.പിക്കെതിരെ നിയമ നടപടിക്ക് നീക്കം !

ന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പ്രതികരിച്ച എസ്.പി ഹരിശങ്കറിനെതിരെ കാത്തലിക്ക് ഫെഡറേഷന്‍ നിയമ നടപടിക്കൊരുങ്ങുന്നു. സംഘടനാ നേതാവ് പി.പി ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോടതി വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്നിരിക്കെ ഇത്തരം പ്രതികരണം അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കിയ എസ്.പി നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലന്ന നിലപാടിലാണ് സഭയുള്ളത്. നമ്പി നാരായണന്‍ സ്വീകരിച്ചതു പോലെ ബിഷപ്പ് ഫ്രാങ്കോയും ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള സാധ്യതയും ഇനി വളരെ കൂടുതലാണ്. വിചാരണ കോടതി വിധിക്കെതിരെ ഏത് കോടതിയില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോയാലും നേരിടാന്‍ തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും സഭയുടെയും നിലപാട്. അക്കാര്യം തന്നെയാണിപ്പോള്‍ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരിക്കുന്നത്. അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന നീക്കമാണിത്.

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ നടപടി അംഗീകരിക്കനാകാത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുന്‍ എസ്പി ഹരിശങ്കര്‍ പരസ്യമായി പ്രതികരിച്ചിരുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹരിശങ്കറിന്റെ ഈ പ്രതികരണം അഭിഭാഷകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. സാധാരണ ഇത്തരം ഒരു പ്രതികരണവും പ്രോസിക്യൂഷന്‍ പരാജയപ്പെട്ട ഒരു കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്താറില്ല. അതുകൊണ്ടു തന്നെയാണ് ബിഷപ്പ് ഫ്രാങ്കോ വിഭാഗം ഈ പ്രതികരണത്തെ ഗൗരവമായി കണ്ടിരിക്കുന്നത്.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ത്തന്നെ ആദ്യമായിരിക്കും ഇത്തരമൊരു വിധിയെന്നും ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ തുറന്നടിച്ചിട്ടുണ്ട്. കേസില്‍ 100 ശതമാനവും ശിക്ഷ പ്രതീക്ഷിച്ചിരുന്നു എന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സത്യസന്ധമായി മൊഴി നല്‍കിയവര്‍ക്കുള്ള തിരിച്ചടിയാണ് ഈ വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് അംഗീകരിക്കനാകില്ലെന്നും ഹരിശങ്കര്‍ തുറന്നടിച്ചു. ഇത്തരം വിധിയോടെ ഇര സമൂഹത്തില്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. ഒരു കന്യാസ്ത്രീയെ സംബന്ധിച്ച് ഇത് അസാധാരണമായ സംഗതിയാണ്. വളരെ ഞെട്ടലോടെയാണ് വിധിയെ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇതുപോലെ നൂറുകണക്കിന് ഇരകള്‍ വേറെയും ഉണ്ടാകാം. അവരെയെല്ലാം നിരാശപ്പെടുത്തുന്നതാണ് വിധിയെന്നും എസ്.പി പറഞ്ഞു. ഈ കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താന്‍ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നല്‍കിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും ഹരിശങ്കര്‍ പറഞ്ഞു.

കോടതി എന്തു വിശ്വസിക്കണം എന്തു വിശ്വാസത്തില്‍ എടുക്കരുത് എന്നു തീരുമാനിക്കുന്നത് എസ്.പി ഹരിശങ്കര്‍ ആണോ എന്നാണ് ഫ്രാങ്കോയുടെ അഭിഭാഷകരും ഇപ്പോള്‍ ചോദിക്കുന്നത്. നിയമ വിരുദ്ധമായ പ്രതികരണം എന്നാണ് എസ്.പിയുടെ പ്രതികരണത്തെ അഭിഭാഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, വിധി അപ്രതീക്ഷിതമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജിതേഷ് ജി ബാബു പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ പോകുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അപ്രതീക്ഷിതമായ വിധിയാണ് ഉണ്ടായതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷും പറഞ്ഞു.

എങ്ങും പരാതി പറയാന്‍ സാഹചര്യമില്ലാത്തയാളായിരുന്നു പരാതിക്കാരി. കോടതി അത് ആ രീതിയില്‍ കാണണമായിരുന്നു. ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്ന് അറിയില്ലെന്നും കെ സുഭാഷ് പറയുകയുണ്ടായി. വിവാദമായ ഈ കേസിന്റെ അന്വേഷണ തലവനായ ഹരിശങ്കര്‍ നിലവില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പിയാണ്.

Top